കൊച്ചി: ഫോർട്ട്കൊച്ചി ബീച്ചിലും പരിസര പ്രദേശങ്ങളിലും പുനരുപയോഗമല്ലാത്ത പ്ലാസ്റ്റിക് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടി പരിസര മലിനീകരണവും ജല മലിനീകരണവും വർധിച്ച സാഹചര്യത്തിലാണ് ഉത്തരവ്. പ്ലാസ്റ്റിക് ക്യാരി ബാഗ്, നോൺ വുമൺ ക്യാരി ബാഗ്, പ്ലാസ്റ്റിക് നിർമ്മിതമായ ഫ്ലക്സ്, ബാനർ, കപ്പ്, സ്ട്രോ, കുപ്പികൾ , സ്പൂൺ, പൗച്ച്, കൊടികൾ, ഷീറ്റ്സ്, കൂളിംഗ് ഫിലിം, അലങ്കാര വസ്തുക്കൾ, തെർമോ കോൾ വച്ചുണ്ടാക്കിയിട്ടുള്ള മുഴുവൻ വസ്തുക്കൾ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. ഓരോ വ്യാപാരിയും ജൈവ മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ എന്നിവ ബിന്നുകൾ വച്ച് ശേഖരിക്കേണ്ടതും സംസ്കരിക്കേണ്ടതുമാണ്. കടകളുടെ പരിസരം പ്ലാസ്റ്റിക് വിമുക്തമാണ് എന്ന് ഉറപ്പു വരുത്തേണ്ടതും വ്യാപാരിയുടെ ഉത്തരവാദിത്വമാണ്. വീഴ്ച വരുത്തിയാൽ രണ്ടായിരം രൂപയാണ് പിഴ. പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിഞ്ഞാൽ ആയിരം രൂപയും വ്യാപാരം നടത്തിയാൽ രണ്ടായിരം രൂപയും പിഴ അടയ്ക്കണം. കുറ്റം ആവർത്തിച്ചാൽ 10,000 രൂപയാണ് പിഴ.
പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞു കൂടി ജലനിർഗമനം തടസപ്പെടുകയും ഇത് വിനോദസഞ്ചാരികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഫോർട്ട് കൊച്ചിയുടെ പരിസ്ഥിതിക സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുകയും ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി, സബ് കളക്ടര്‍, നഗരസഭ സെക്രട്ടറി എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ചുമതല