കാലടി: സംസ്കൃത സർവകലാശാലയിൽ ലാംഗ്വേജ് ബ്ലോക്കിന്റെയും സ്റ്റാഫ് ക്വാർട്ടേഴ്സിന്റെയും ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. അടുത്ത അധ്യയന വർഷം മുതൽ പ്രവേശന പരീക്ഷകൾ ഓൺലൈൻ ആക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്ന് മന്ത്രി സൂചിപ്പിച്ചു. അധ്യയന വർഷം നേരത്തെ ആരംഭിക്കുന്നതിനെ കുറിച്ചുമുള്ള ചർച്ചകൾ നടക്കുകയാണ്. അധ്യാപകർക്ക് നിർബന്ധിത പരിശീലനം നൽകുന്നതിനുള്ള സംവിധാനം തയാറാക്കും. പ്രഗൽഭരായവരുടെ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ലഭിക്കാൻ അഡ്ജസന്റ് ടീച്ചേഴ്സ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ധർമ്മരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. റോജി. എം. ജോൺ മുഖ്യാതിഥിയായി.
വിദ്യാർഥികളുടെ ഭാഷാ പOനത്തിന് മുൻഗണന നൽകുന്ന സർവകലാശാല ഭാഷാ പ0ന വിപുലീകരണത്തിന് മുൻനിർത്തിയാണ് ലാംഗ്വേജ് ബ്ലോക്ക് നിർമ്മിച്ചിട്ടുള്ളത്. മൂന്ന് നിലകളുള്ള ബ്ലോക്കിൽ മലയാളം ഹിന്ദി ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷാ പഠന കേന്ദ്രങ്ങളാണുള്ളത്. സർവകലാശാലയിലെ അനധ്യാപക ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് 38,000 ചതുരശ്ര അടിയിലുള്ള താണ്. 9 കോടി രൂപയാണ് നിർമ്മാണ ച്ചിലവ്.
സർവകലാശാല പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ.എസ്. രവികുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. എസ്. മോഹൻ ദാസ് , പ്രൊഫ. പി.സി.മുരളീ മാധവൻ, കാലടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.തുളസി എന്നിവർ പങ്കെടുത്തു.