കണ്ണൂര്‍ ജില്ലാ കലക്ടറായി ടി വി സുഭാഷ് ചുമതലയേറ്റു. എഡിഎം ഇ മുഹമ്മദ് യൂസുഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി വി അശോകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ 9.45 ഓടെയാണ് അദ്ദേഹം ചുമതലയേറ്റത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറായിരുന്നു. തൃശൂര്‍ സ്വദേശിയാണ്.
മിര്‍ മുഹമ്മദ് അലിയുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ഇതുവരെ ജില്ലാ ഭരണകൂടം കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരും. പരിസ്ഥിതി സംരക്ഷണ കാര്യങ്ങളില്‍ ഏറെ താല്‍പര്യമുള്ള വ്യക്തിയാണ് താന്‍. ഇതുമായി ബന്ധപ്പെട്ട് സജീവമായി ഇടപെടും. ഓരോ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും അതിന്റേതായ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും ജില്ലാ ഭരണകൂടവുമായി ഇതുവരെയുണ്ടായ സഹകരണം തുടര്‍ന്നും എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദധാരിയായ ടി വി സുഭാഷ് 2007 ല്‍ ഡെപ്യൂട്ടി കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തുന്നതിന് മുമ്പ് നിരവധി ദേശീയ, അന്തര്‍ ദേശീയ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നാര്‍ ദൗത്യസംഘാംഗം, തലശ്ശേരി, തിരൂര്‍ ആര്‍ഡിഒ, കോട്ടയം എഡിഎം എന്നിങ്ങനെ വിവിധ തസ്തികകളിലായി എട്ട് ജില്ലകളില്‍ സേവനമനുഷ്ഠിച്ചു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു. 2013 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്.
വാര്‍ത്താ വിനിമയ രംഗത്തെ പുതിയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനെ കാലാനുസൃതമായി ആധുനികവല്‍ക്കരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കിയത് സുഭാഷിന്റെ നേതൃത്വത്തിലാണ്. സര്‍ക്കാര്‍ വാര്‍ഷികം വിപുലമായ എക്സിബിഷന്‍ ഉള്‍പ്പെടെയുള്ള പരിപാടികളോടെ ജനകീയമാക്കിയതും അദ്ദേഹത്തിന്റെ നേതൃപാടവമായിരുന്നു.