കോതമംഗലം: പന്തപ്ര ആദിവാസി കുടിയിലെ മുഴുവൻ കുടുംബങ്ങൾക്കും മാർച്ചിനകം വീടു നിർമ്മാണം പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. പന്ത്ര പ്ര ആദിവാസി കുടിയിലെ വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാലം അവസാനിച്ചാലുടൻ തന്നെ വീടു നിർമ്മാണം ആരംഭിക്കും. ഇതിനായി വീടൊന്നിന് 6 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഇവിടെ ആകെ 67 കുടുംബങ്ങളാണുള്ളത്. ഇവർക്കായി അനുവദിച്ച 2 ഏക്കർ ഭൂമിയിൽ 15 സെൻറ് ഭൂമിയിൽ നിന്ന് മരങ്ങൾ മുറിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. നിലവിൽ ഇവർ താമസിക്കുന്ന വീടുകൾക്ക് ഭീഷണിയായ പാഴ്മരങ്ങൾ വനം വകുപ്പിന് അപേക്ഷ നൽകുന്ന മുറയ്ക്ക് മുറിച്ച് മാറ്റാൻ അനുമതി നൽകും. ഇവർക്കായി നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണ ചുമതല വനവികസന ഏജൻസിക്കാണ്. ഇത് സ്വന്തമായി നിർമ്മിക്കാൻ അനുവദിക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ചർച്ച ചെയ്യാൻ ജില്ലാതല യോഗം വിളിക്കും. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും വൈദ്യുതി വിതരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകും. കൂടുതൽ മണ്ണെണ്ണ അനുവദിച്ച് നൽകണമെന്ന ആവശ്യവും സിവിൽ സപ്ലൈസ് വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തും. വയനാട് കളക്ടറെന്ന നിലയിൽ ആദിവാസി മേഖലകളിൽ നടത്തിയ ഇടപെടലാണ് സ്ഥാനമേറ്റ് ദിവസങ്ങൾക്കകം പന്തപ്രയിലെത്താൻ തന്നെ പ്രേരിപ്പിച്ചത്. ആദിവാസി മേഖലകളിൽ നടത്തുന്ന പ്രവർത്തനങ്ങൾ താൻ നേരിട്ടു നിരീക്ഷിക്കുമെന്നും കോളനികൾ സന്ദർശിക്കുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.