കോതമംഗലം: പന്തപ്രയിലെ ആദിവാസി കുടുംബങ്ങളുടെ പ്രശ്നങ്ങളറിയാൻ ജില്ലാ കളക്ടറെത്തി. കളക്ടർ എസ്. സുഹാസാണ് ജില്ലയിൽ ചുമതലയേറ്റ് ദിവസങ്ങൾക്കകം തന്നെ പന്തപ്രയിലെത്തിയത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ എത്തിയ കളക്ടറെ ഊര് മൂപ്പൻ കുട്ടൻ ഗോപാലനും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പ്രദേശത്തെ ഊരു വിദ്യാലയത്തിൽ പ്രദേശവാസികളുടെ ആവലാതികൾ കേട്ടു. കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം കോളനിയിൽ നിന്നും പുനരധിവസിപ്പിച്ച മന്നാൻ വിഭാഗത്തിൽ പെട്ട 49 കുടുംബങ്ങളും മുതുവാൻ വിഭാഗത്തിൽ പെട്ട 18 കുടുംബങ്ങളും ഉൾപ്പടെ 67 കുടുംബങ്ങളാണ് പന്തപ്രയിലുള്ളത്. കളക്ടറുടെ സന്ദർശന വിവരമറിഞ്ഞ് ഇവരെല്ലാവരും ഊരു വിദ്യാലയത്തിലെത്തി. കോളനിയിൽ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് ട്രൈബൽ ഓഫീസർ ജി. അനിൽകുമാർ വിശദീകരിച്ചു. തുടർന്നാണ് കളക്ടർ കോളനിവാസി ളോട് വിവരങ്ങൾ ആരാഞ്ഞത്. തങ്ങൾക്ക് ലഭിച്ച ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിലെ സാങ്കേതിക തടസങ്ങൾ നീക്കണമെന്നതായിരുന്നു ഭൂരിഭാഗം കുടുംബങ്ങളുടെയും ആവശ്യം. 15 സെന്റിലെ മരങ്ങൾ മുറിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ തേക്ക് മരങ്ങൾ മാത്രമേ മുറിക്കുന്നുള്ളൂവെന്നും അവർ അറിയിച്ചു. കൂടാതെ പാഴ്മരങ്ങൾ ഉയർത്തുന്ന ഭീഷണിയെ കുറിച്ചും അവർ ആശങ്കപ്പെട്ടു. ഇതോടെയാണ് മുൻകൂർ അനുമതി വാങ്ങി ഭീഷണിയുയർത്തുന്ന പാഴ്മരങ്ങൾ മുറിക്കുന്നതിൽ തടസ്സമില്ലെന്ന് കളക്ട്രറോ ടൊപ്പമെത്തിയ വനം വകുപ്പുദ്യോഗസ്ഥർ കോളനിവാസികളെ അറിയിച്ചത്. സർക്കാർ അനുവദിച്ച വീടുകൾ സ്വന്തം നിലയിൽ പണിയാൻ അനുവദിക്കണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു. എന്നാൽ ഇക്കാര്യം ജില്ലാതല യോഗം വിളിച്ച് തീരുമാനിക്കാമെന്ന് കളക്ടർ പറഞ്ഞു. കോളനിയിലെ കുടിവെള്ള – വൈദ്യുതി പ്രശ്നങ്ങളും അവർ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തി. മണ്ണെണ്ണ കൂടുതൽ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ പെടുത്താമെന്ന് അടിയന്തിര പരിഹാരമുണ്ടാക്കാമെന്നും കളക്ടർ ഉറപ്പു നൽകി. ആന, പന്നി ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യത്തെ കുറിച്ചും കുടുംബങ്ങൾ പരാതിപ്പെട്ടു. പിണവൂർ കുടിയിൽ ട്രൈബൽ ഹോസ്റ്റൽ ആരംഭിക്കണമെന്ന് വാർഡ് മെമ്പർ സുശീല ലൗജൻ കളക്ട്രറോട് ആവശ്യപ്പെട്ടു. തുടർന്ന് ആദിവാസി കുടിയിലെ വീടുകൾ സന്ദർശിച്ച ശേഷം അവരോടൊപ്പം ഉച്ച ഭക്ഷണവും കഴിച്ചാണ് കളക്ടർ മടങ്ങിയത്. തഹസിൽദാർമാരായ ആർ.രാമചന്ദ്രൻ, കെ.എസ്. പരീത്, വില്ലേജോഫീസർ ജെയ്സൺ മാത്യു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നാരായണൻകുട്ടി, ഫോറസ്റ്റ് ഓഫീസർ രാജൻ തുടങ്ങി വിവിധ വകുപ്പുദ്യോഗസ്ഥരും കളക്ട്രറോ ടൊപ്പമുണ്ടായിരുന്നു.