സംഘാടക സമിതി രൂപീകരിച്ചു

ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ഹോക്കി താരവുമായിരുന്ന ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്കിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ജൂണ്‍ 29 ന് വൈകിട്ട് അഞ്ച് മണിക്ക് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ കണ്ണൂരില്‍ നിര്‍വഹിക്കും. പയ്യാമ്പലത്തിനടുത്ത് പള്ളിയാംമൂലയിലാണ് കേരളത്തിന്റെ ഏക ഒളിമ്പിക് മേഡല്‍ ജേതാവിന് വീടൊരുങ്ങിയത്.
1972 ലെ മ്യൂണിക് ഒളിംമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ ഗോള്‍ കീപ്പറായിരുന്നു ഫെഡറിക്. സര്‍ക്കാര്‍ പതിച്ചുനല്‍കിയ അഞ്ച് സെന്റ് ഭൂമിയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. 10 മാസം കൊണ്ടാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല.
വീടിന്റെ താക്കോല്‍ദാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ചെയര്‍മാനായും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ എഡിഎം ഇ മുഹമ്മദ് യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കെ കെ പവിത്രന്‍ മാസ്റ്റര്‍, കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.