കോലഞ്ചേരി: പൊതുജനാരോഗ്യ മാനദണ്ഡങ്ങൾക്കനുസരിച്ച് അധികൃതർ നൽകിയിരുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 7 ഹോട്ടലുകൾക്കെതിരെ പൂത്തൃക്ക പഞ്ചായത്ത് ആരോഗ്യ വിഭാഗം നടപടിയെടുത്തു.
പാചകശാലയോടു ചേർന്ന്‌ രോഗാണു സംക്രമണ സാധ്യതയ്ക്ക് ഇടയാക്കുന്ന തരത്തിൽ മൂടിയില്ലാത്ത ടാങ്കിൽ ചീഞ്ഞഴുകിയ മാലിന്യം സൂക്ഷിച്ചതിനും, ആഴ്ചകളായി അടുക്കള ശുചികരണത്തിൽ വീഴ്ച വരുത്തിയതിനും, ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരെക്കൊണ്ട് ഭക്ഷണം കൈകാര്യം ചെയ്യിച്ചതിനും മെഡിക്കൽ കോളേജിനു സമീപത്തുള്ള വികാസ് ഹോട്ടലിനു പിഴ ചുമത്തി.
ലൈസൻസ് പുതുക്കാതെയും മാസങ്ങളായി പാചകശാലാ മാലിന്യങ്ങൾ നീക്കം ചെയ്യാതെയും സ്ഥാപനം പ്രവർത്തിപ്പിച്ചതിന് ടൗണിലെ ചൈതന്യ ഹോട്ടലിനെതിരെയും നടപടിയെടുത്തു.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ദിവസങ്ങൾ പഴകിയ ഭക്ഷണ സാധനങ്ങൾ , മാലിന്യം കലർന്നതായി കണ്ടെത്തിയ ഭക്ഷണചേരുവകൾ എന്നിവ രണ്ട് സ്ഥാപനത്തിൽ നിന്ന് ഉദ്യോസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു.
ആഴ്ചകൾക്കു മുമ്പ് വിലയിരുത്തൽ സന്ദർശനത്തിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥർ നൽകിയ ശുചിത്വ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ഹോട്ടലുകൾക്കാണ് ഒരാഴ്ചയ്ക്കുള്ളിൽ ശുചിത്വ ക്രമീകരണങ്ങൾ പൂർത്തിയാക്കി അറിയിക്കുന്നതിന് നോട്ടീസ് നൽകിയിട്ടുള്ളത്. പല സ്ഥാപനങ്ങളിലും ഭക്ഷണത്തിന്റെ പാചകം, വിതരണം എന്നിവയ്ക്ക് ഹെൽത്ത് കാർഡില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്ന് പരിശോധനയിൽ ബോധ്യമായി. ഇത്തരം ജീവനക്കാരെ കണ്ടെത്തി ലബോറട്ടറി പരിശോധനയ്ക്ക് വിധേയരാക്കുമ്പോൾ ചിലരിലെങ്കിലും മഞ്ഞപ്പിത്തം ,ടൈഫോയ്ഡ് തുടങ്ങിയ ഭക്ഷ്യജന്യ രോഗങ്ങളുടെ രോഗാണു വാഹകരായി തിരിച്ചറിയാറുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം ഭക്ഷ്യ ജന്യ രോഗങ്ങളുടെ നിയന്ത്രണം ലക്ഷ്യമാക്കിയാണ് ഹെൽത്ത് കാർഡ് സമ്പാദിച്ച ജീവനക്കാരെ മാത്രമേ ഭക്ഷണശാലകളിൽ നിയമിക്കാവൂ എന്ന് അധികൃതർ നിഷ്കർഷിക്കുന്നത്. പൂത്തൃക്ക ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.എ.സതീഷ് കുമാർ, കെ.കെ.സജീവ്, എസ്.നവാസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പൊതു ജനാരോഗ്യ മാനദണ്ഡങ്ങൾക്കനുസരിച്ച് അടിസ്ഥാന ക്രമീകരണങ്ങൾ ഒരുക്കുവാൻ തയ്യാറാവാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.അരുൺ ജേക്കബ് അറിയിച്ചു.

ഫോട്ടോ അടിക്കുറിപ്പ്:

കോലഞ്ചേരി മെഡിക്കൽ കോളജിന് സമീപത്തെ വികാസ് ഹോട്ടലിൽ അധികൃതർ നടത്തിയ പരിശോധന