* കർഷകരുടെ പ്രശ്‌നങ്ങളിൽ ബാങ്കുകൾ യാഥാർഥ്യം ഉൾക്കൊണ്ടുള്ള സമീപനം സ്വീകരിക്കണം -മുഖ്യമന്ത്രി

കർഷകരുടെ കടങ്ങളുടെ മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടുന്നതിന് റിസർവ് ബാങ്കിനോട് ആവശ്യപ്പെടാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. വായ്പകൾ പുനഃക്രമീകരിക്കുന്നതിനുള്ള അവകാശം റിസർവ് ബാങ്കിനായതിനാൽ ഇക്കാര്യവും റിസർവ് ബാങ്കിനോട് ആവശ്യപ്പെടും.  നിലവിൽ ജൂലൈ 31 ന് അവസാനിക്കുന്ന മോറട്ടോറിയം ഡിസംബർ 31 വരെ ദീർഘിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
ആവശ്യമെങ്കിൽ ഇക്കാര്യം ഉന്നയിച്ച് റിസർവ് ബാങ്കിനെ സർക്കാർ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വ്യക്തമാക്കി. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബാങ്കുകൾ യാഥാർഥ്യം ഉൾക്കൊണ്ടുള്ള സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാന്ത്രികവും സാങ്കേതികവുമായി പ്രശ്‌നങ്ങളെ സമീപിച്ചാൽ അവ സങ്കീർണ്ണമാകും. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യബാധ്യത ബാങ്കിംഗ് മേഖലയ്ക്കുണ്ട്.
കഴിഞ്ഞ രണ്ടുവർഷക്കാലയളവിൽ ഒന്നിലധികം പ്രകൃതിദുരന്തങ്ങളെ നേരിട്ട സംസ്ഥാനമാണിത്. ഇതേത്തുടർന്നാണ് കാർഷിക കടങ്ങളും കൃഷിയിൽ നിന്ന് മുഖ്യവരുമാനമുള്ള ആളുകൾ എടുത്ത കടങ്ങളും തിരിച്ചടയ്ക്കുന്നതിനുള്ള മോറട്ടോറിയം 2019 ഡിസംബർ 31 വരെ ദീർഘിപ്പിക്കണമെന്ന് ആവശ്യപെട്ടത്. എന്നാൽ ആർ.ബി.ഐയിൽ നിന്ന് അനുകൂല പ്രതികരണമല്ല ലഭിച്ചതെന്നാണ് മനസിലാക്കുന്നത്.
കാർഷിക വിലത്തകർച്ച രാജ്യമെമ്പാടും കർഷകർ നേരിടുന്ന മുഖ്യപ്രശ്‌നമാണ്. ഇതു നമ്മുടെ കർഷകരെ ബാധിക്കാതിരിക്കാൻ നെല്ല് സംഭരിക്കുകയും പൊതുവിതരണ സമ്പ്രദായം ശക്തമാക്കുകയും ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുന്നുണ്ട്.
കശുവണ്ടി മേഖലയിലെ കടബാധ്യത പുനഃക്രമീകരിക്കാൻ ബാങ്കേഴ്‌സ് സമിതി തീരുമാനമെടുത്തിട്ടും ജപ്തി നടപടികൾ ഉണ്ടാകുന്നതിന് പരിഹാരം കാണാൻ കഴിയണം.
നിക്ഷേപ വായ്പാ അനുപാതം കേരളത്തിൽ കഴിഞ്ഞവർഷം 67 ശതമാനമായിരുന്നു. എന്നാലിത് ദേശീയ ശരാശരിയേക്കാൾ കുറവാണ്. സാമ്പത്തിക വളർച്ചയ്ക്ക് നിക്ഷേപ വായ്പാനുപാതം ഉയർത്തുന്നത് ആവശ്യമായതിനാൽ ഇതിനുള്ള നടപടികൾ ബാങ്കേഴ്‌സ് സമിതി കൈക്കൊള്ളണം.
സർഫാസി നിയമത്തിലെ ചില കടുത്ത വകുപ്പുകൾ എങ്ങനെ ലഘൂകരിക്കാമെന്നും ഗൗരവമായി ആലോചിക്കണം. പൗരന്റെ കിടപ്പാടത്തിനുള്ള അവകാശത്തെ ഹനിക്കുന്ന വകുപ്പുകൾ പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആശങ്കകൾക്ക് ആവശ്യമില്ലെന്നും മോറട്ടോറിയം ദീർഘിപ്പിച്ച നടപടിയെ ബാങ്കേഴ്‌സ് സമിതി അംഗീകരിച്ചിരിക്കുകയാണെന്നും യോഗത്തിനുശേഷം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സർഫാസി നിയമപ്രകാരം െനൽപാടം മാത്രമല്ല, മറ്റു ഭൂമികളും കൃഷിഭൂമിയായി പരിഗണിക്കമെന്ന് കൃഷി മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. ഇങ്ങനെ പരിഗണിക്കുമ്പോൾ ലോണുകൾക്കുണ്ടാകുന്ന സാങ്കേതിക തടസ്സങ്ങൾ പരിശോധിക്കാൻ നബാർഡ്, റവന്യൂ, കൃഷി ഉദ്യോഗസ്ഥർ, ബാങ്കേഴ്‌സ് സമിതി പ്രതിനിധികൾ ഉൾപ്പെടെ ഒരു ഉപസമിതി ഇക്കാര്യങ്ങൾ പരിശോധിച്ച് നിർദേശം സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കർഷക കടാശ്വാസ കമ്മീഷൻ പരിധിയിൽ സഹകരണ ബാങ്കുകൾക്ക് പുറമേ മറ്റ് ബാങ്കുകൾ കൂടി വരണമെന്നും ഇത് കർഷകർക്കും ബാങ്കുകൾക്കും സഹായകരമാകുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.
യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, റിസർവ് ബാങ്ക് റീജിയണൽ ഡയറക്ടർ എസ്.എം.എൻ സ്വാമി, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ചെയർപേഴ്‌സൺ എ. മണിമേഖല, കൺവീനർ ജി.കെ. മായ തുടങ്ങിയവർ സംബന്ധിച്ചു.