മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററില്‍ മുഴുവന്‍ സമയ ക്ലാസ്സുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ മന്ത്രി കെ.ടി.ജലീലിന് കത്ത് നല്‍കി. കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററില്‍ നിലവില്‍ രണ്ടാം ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. 8, 9, 10, ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ടാലന്റ് കോഴ്‌സും, 11, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഫൗണ്ടേഷന്‍ കോഴ്‌സും, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് വര്‍ഷത്തെ പ്രിലിമനറി കോഴ്‌സുമാണ് നടക്കുന്നത്. ഒരു ബാച്ചില്‍ 55-കുട്ടികള്‍ വീതമാണ് പഠിക്കുന്നത്. നിലവില്‍ സര്‍ക്കാരിന് അധിക ബാധ്യതയില്ലാതെയാണ് ഇവിടെ പഠനം നടക്കുന്നത്. 100-കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇവിടെ സിവില്‍ സര്‍വ്വീസ് പഠനത്തിനായി അപേക്ഷിക്കുന്നത്. ഇവരില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അഡ്മിഷന്‍ നല്‍കുന്നത്. സബ്‌സെന്ററിന്റെ പ്രവര്‍ത്തനം മുഴുവന്‍ സമയവും ആക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ നിയമസഭയിലും ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സംസ്ഥാനത്ത് തിരുവനന്തപുരത്തും, കോഴിക്കോടുമാണ് മുഴുവന്‍ സമയ ഐ.എ.എസ്.അക്കാദമിക പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ 13-സബ്‌സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മൂവാറ്റുപുഴയിലെ സബ്‌സെന്ററില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ മുഴുവന്‍ സമയ കോച്ചിംഗ് ആരംഭിച്ചാല്‍ മധ്യകേരളത്തിലെ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്ററായി ഇതിനെ മാറ്റാന്‍ കഴിയുമെന്നും, നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഐ.എ.എസ്.പരിശീലനത്തിന് ഇത് വേദിയായി മാറുമെന്നും എം.എല്‍.എ കത്തിൽ ചൂണ്ടിക്കാട്ടി.
