കോതമംഗലം.നെല്ലിക്കുഴി പഞ്ചായത്ത് 14ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ 93 ശതമാനം പോളിങ്ങ്. വ്യാഴാഴ്ച്ച കുറ്റിലഞ്ഞി യു.പി സ്കൂളിൽ നടന്ന വോട്ടെടുപ്പിൽ ആകെയുള്ള 1295 വോട്ടിൽ 1204 വോട്ട് പോൾ ചെയ്തു. വാർഡ് മെമ്പറായിരുന്ന ഷാജഹാൻ്റെ നിര്യാണത്തെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. യു.ഡി.എഫ് സ്ഥാനർത്ഥിയായി ഷാജഹാൻ്റെ ഭാര്യയും മുൻ വാർഡംഗവുമായിരുന്ന മുംതാസ് ഷാജഹാനും, ഇടതു സ്ഥാനാർത്ഥിയായി ടി.എം.അബ്ദുൽ അസിസും, എൻ.ഡി.എ സ്ഥാനാർത്ഥിയായി ഡി. മധുവുമാണ് രംഗത്ത് ഉണ്ടായിരുന്നത്. രാവിലെ ഏഴിനാരംഭിച്ച തെരഞ്ഞെടുപ്പ് വൈകിട്ട് അഞ്ചോടെ സമാപിച്ചു. വോട്ടിങ്ങ് യന്ത്രം നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച രാവിലെ 10 ന് വോട്ടെണ്ണും. സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഓഡിറ്റർ വാമനൻ നമ്പൂതിരിയാണ് റിട്ടേണിങ്ങ് ഓഫീസർ.