*പ്രളയം: അവശേഷിക്കുന്ന അർഹർക്കുള്ള ആനുകൂല്യങ്ങൾ ജൂലൈ 20-ന് മുമ്പ് വിതരണം ചെയ്യണം

നിർമാണാനുമതിക്കും നിർമാണം പൂർത്തിയായിട്ടും തദ്ദേശസ്ഥാപനങ്ങളുടെ ക്ലിയറൻസിനും കാത്തുകിടക്കുന്നതുമായ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പഞ്ചായത്ത്/നഗരസഭാ സെക്രട്ടറിമാരുടെ യോഗം ജൂലൈ ആറിന് മുമ്പ് വിളിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ യോഗത്തിൽ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും തീർപ്പാകാതെ കിടക്കുന്ന പ്രശ്നങ്ങൾ ജില്ലാ കലക്ടർമാർ അധ്യക്ഷരായ ഏകജാലക സമിതി കൂടി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതു സംബന്ധിച്ച നടപടികൾ ജൂലൈ മാസത്തിൽ തന്നെ പൂർത്തിയാക്കണം.
ജൂലൈ 20ന് മുമ്പ് മന്ത്രിമാർ പങ്കെടുക്കുന്ന പൊതുപരിപാടി സംഘടിപ്പിച്ച് പ്രളയദുരന്തത്തിൽപ്പെട്ടവരിൽ അർഹരായ അവശേഷിക്കുന്ന അപേക്ഷകരുടെ ആനുകൂല്യങ്ങൾ പൂർണ്ണമായും വിതരണം ചെയ്യണം. പ്രളയദുരന്തവുമായി ബന്ധപ്പെട്ട് നൽകിയ എല്ലാ ആനുകൂല്യങ്ങളുടെയും സമഗ്രമായ കണക്കുകൾ ആ യോഗത്തിൽ പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ കഴിയണം.

മാർച്ച് 31ന് മുമ്പ് ലഭിച്ച എല്ലാ അപ്പീലുകളും ഉടൻ തീർപ്പാക്കണം. അപ്പീൽ സമയപരിധി ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. മാർച്ച് 31 ശേഷം ലഭിച്ച അപ്പീലുകൾ താഴെ തലത്തിലേക്ക് അയച്ചുകൊടുക്കുന്നതിന് മുമ്പ് കലക്ടറേറ്റുകളിൽ പ്രാഥമിക പരിശോധന നടത്തണം. വളരെ ശ്രദ്ധയോടെയാവണം ഇത്തരം അപ്പീലുകൾ കൈകാര്യം ചെയ്യേണ്ടത്.  അർഹർ വിട്ടുപോയിട്ടുണ്ടെങ്കിൽ ഇതുവഴി അവരെ തീർച്ചയായും ഉൾപ്പെടുത്താനാകണം. അനർഹർ കടന്നുകൂടാതിരിക്കാൻ ജാഗ്രത വേണം.
പൂർണമായി തകർന്ന വീടുകളിൽ ചിലതിന്റെ നിർമാണം പൂർത്തിയാക്കാൻ ബാക്കിയുണ്ട്. അവയിൽ സാങ്കേതികപ്രശ്നങ്ങൾ ഉണ്ടെങ്കിൽ കലക്ടർമാർ ഇടപെട്ട് പരിഹരിക്കാവുന്നവ പരിഹരിക്കണം. ലൈഫ് മിഷൻ വഴി നിർമിക്കുന്ന വീടുകളിൽ ആദ്യഘട്ടമായ മുടങ്ങിക്കിടന്ന വീടുകളിൽ 93 ശതമാനം പൂർത്തിയായിട്ടുണ്ട്. അവശേഷിക്കുന്നവ ജില്ലാ കലക്ടർമാർ വ്യക്തിപരമായ ശ്രദ്ധ ചെലുത്തി പരിശോധിക്കുകയും സാങ്കേതികതടസ്സങ്ങൾ ഇല്ലാത്തവ ഓണത്തിന് മുമ്പ് പൂർത്തിയാക്കുകയും വേണം. ഭൂമിയുള്ളവർക്ക് വീട് നിർമിച്ചുനൽകുന്ന രണ്ടാം ഘട്ടത്തിൽ അനുമതി ലഭിക്കാൻ നിലനിൽക്കുന്ന തടസ്സങ്ങളിൽ പരിഹരിക്കാൻ കഴിയുന്നവ മാറ്റാൻ കലക്ടകർമാർ ഇടപെടണം.
ജില്ലകളിലെ കിഫ്ബി വഴിയുള്ള പദ്ധതികളുടെ പുരോഗതി മാസംതോറും കളക്ടർമാർ വിലയിരുത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷകളിൽ കാലതാമസം വരാതിരിക്കാൻ കളക്ടർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീഡിയോ കോൺഫറൻസിൽ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ, ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ്, ലാൻറ് റവന്യൂ കമ്മീഷണർ സി.എ. ലത, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു.