* സിവിൽ സർവീസ് ജേതാക്കളെ അനുമോദിച്ചു

സമൂഹത്തിന്റെ സേവകരാണ് തങ്ങൾ എന്നത് സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒരു ഘട്ടത്തിലും മറക്കരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തുനിന്ന് സിവിൽ സർവീസ് ജേതാക്കളായ സിവിൽ സർവീസ് അക്കാദമി വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനാധിപത്യസംവിധാനത്തിനു കീഴിലാണ് നാം പ്രവർത്തിക്കുന്നത്്. നയപരമായ തീരുമാനം എടുക്കേണ്ടിവരുമ്പോൾ ജനപ്രതിനിധികളെ അംഗീകരിച്ചുപോകാനുള്ള മാനസികാവസ്ഥ ഉണ്ടാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
അപൂർവമായി ചിലയിടങ്ങളിൽനിന്നുണ്ടാകുന്ന വാർത്തകൾ കേട്ടാൽ അതിൽനിന്ന് വ്യത്യസ്തമായ ചില കാര്യങ്ങൾ ഉണ്ടാകുന്നു എന്നു മനസ്സിലാകും. അത് അനാവശ്യമായ സംഘർഷത്തിനു വഴിവെക്കും.  സമൂഹത്തെക്കുറിച്ചുള്ള കരുതൽ പ്രധാനമാണ്. യഥാർഥപ്രശ്‌നം നേരിടുന്നത് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരാണ്. അവരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് മുൻഗണന കൊടുക്കണം. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ന്യായമായ വേതനവ്യവസ്ഥയുണ്ട്. ഒരു തരത്തിലുള്ള അഴിമതിയും എന്നെ ബാധിക്കില്ല എന്ന ദൃഢപ്രതിജ്ഞയോടെ സർവീസ് തുടങ്ങാൻ കഴിയണം.  ശ്രദ്ധേയമായ വിജയമാണ് വയനാടുനിന്നുള്ള ശ്രീധന്യയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാരീതിയിലും ഏറ്റവും പിന്നാക്കം നിൽക്കുന്ന അവസ്ഥയിൽനിന്ന്, ആദിവാസിവിഭാഗത്തിൽനിന്നും വിജയിച്ച ശ്രീധന്യയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീൽ അധ്യക്ഷത വഹിച്ചു. അടിസ്ഥാനപരമായി ഈ മേഖലയിലുള്ളവർക്കുവേണ്ടത് മനുഷ്യത്വമാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യത്വപരമായപെരുമാറ്റമാണ് നാടും സമൂഹവും നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നത്. ഉദ്യോഗസ്ഥന്റെ നിഷേധാത്മക മനോഭാവംകൊണ്ട് ഒരാൾക്കും കഷ്ടത അനുഭവിക്കേണ്ടി വരരുത് എന്നും മന്ത്രി പറഞ്ഞു.  ഡിജിപി ലോക്‌നാഥ് ബഹ്‌റ, അക്കാദമി ഫാക്കൽറ്റി അംഗങ്ങളായ മോഹൻദാസ്, ഡോ.അലക്‌സാണ്ടർ ജേക്കബ്, അക്കാദമി പ്രിൻസിപ്പൽ ഡോ.അനിത ദമയന്തി എന്നിവർ സംസാരിച്ചു.
അക്കാദമി വിദ്യാർഥികളായ 33 പേരെയാണ് ചടങ്ങിൽ അനുമോദിച്ചത്.