ഭക്ഷ്യസുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തിയതിനു സംസ്ഥാനതലത്തില്‍ മികച്ച ജില്ലയായി ഇടുക്കിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഇടുക്കി ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ബെന്നി ജോസഫ് ആരോഗ്യ-കുടുംബക്ഷേമ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം ‘ എന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കേണ്ടതാണെന്നു മന്ത്രി പറഞ്ഞു. അഖിലേന്ത്യാ തലത്തില്‍ ഭക്ഷ്യസുരക്ഷാ രംഗത്ത് മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരള നേടിയത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ മികച്ച പ്രവര്‍ത്തനം കൊണ്ടാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മികവുറ്റതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ , ജോയിന്റ് കമ്മീഷണര്‍ കെ അനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
