മാധ്യമങ്ങൾ ഉള്ളടക്കത്തിലെ പുരോഗതി പരിശോധിക്കണം: മുഖ്യമന്ത്രി

മുൻകാലത്തുനിന്ന് മാധ്യമങ്ങൾക്കുണ്ടായ രൂപപരമായ പുരോഗതി ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപ്രക്ഷോഭകാലത്ത് സാമൂഹികസേവനമായിരുന്ന മാധ്യമരംഗത്ത് വ്യവസായതാത്പര്യം പകരം വെക്കുന്ന നില വന്നിരിക്കുന്നു. ഇന്ത്യൻ മാധ്യമ പ്രവർത്തനം മുമ്പെങ്ങുമില്ലാത്ത വിധം ജീർണിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2017ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം, 2017ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ, 2018ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരം എന്നിവ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രവർത്തിച്ചിരുന്ന ഏതെങ്കിലും പത്രസ്ഥാപനത്തിന്റെ ബ്രാക്കറ്റിലൊതുങ്ങുന്ന വ്യക്തിത്വമായിരുന്നില്ല സ്വദേശാഭിമാനി-കേസരി പുരസ്‌കാരം നേടിയ ടി.ജെ.എസ് ജോർജെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളം ഇന്ത്യൻ മാധ്യമലോകത്തിനു നൽകിയ മഹദ്‌സംഭാവനയാണ് ടി.ജെഎസ്. സ്വതന്ത്ര മാധ്യമപ്രവർത്തനം ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹത്തെ ആദരിക്കാൻ കഴിഞ്ഞത് പുരോഗമനകേരളത്തിന് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയകാലത്തെ പത്രപ്രവർത്തകർക്ക് ടി.ജെ.എസിൽ നിന്ന് ധാരാളം പഠിക്കാനുണ്ട്. സ്വദേശാഭിമാനിയുടെയും കേസരിയുടെയും കാലത്തു നിന്ന് മാധ്യമ പ്രവർത്തനം ഇന്ന് എവിടെയെത്തി എന്ന് ആലോചിക്കാൻ കൂടി ഈ ചടങ്ങ് ഉപകരിക്കണം.
ജനാധിപത്യത്തെ പരിപുഷ്ടമാക്കുന്നത് മാധ്യമങ്ങളുടെ സാന്നിധ്യമാണെന്ന് മുഖ്യാതിഥിയായിരുന്ന സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. എന്നാൽ അവയ്ക്ക് അതേനിലയിൽ തുടരാൻ കഴിയുന്നുണ്ടോ എന്ന് ആലോചിക്കണം. തമസ്‌കരിക്കപ്പെടുന്ന, പാർശ്വവത്കരിക്കപ്പെടുന്ന വാർത്തകളുടേതായി മാധ്യമരംഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സാഹസികതയുടെ അംശം ഉണ്ടാകുമ്പോഴാണ് പത്രപ്രവർത്തനം അർഥവത്താകുന്നതെന്ന് മറുപടിപ്രസംഗത്തിൽ സ്വദേശാഭിമാനി-കേസരി പുരസ്‌കാര ജേതാവ് ടിജെഎസ് ജോർജ് പറഞ്ഞു. സ്വദേശാഭിമാനിയുടെയും കേസരിയുടെയും പത്രപ്രവർത്തനത്തിൽ സാഹസികതയുടെ മാനം ഉണ്ടായിരുന്നു. മാധ്യമപ്രവർത്തനത്തിന് അർഥവും ആഴവും നൽകിയ മാധ്യമപ്രതിഭകളാണ് അവരെന്നും അദദ്ദേഹം പറഞ്ഞു.
മേയർ വി.കെ. പ്രശാന്ത്,  വീണാ ജോർജ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസർ പ്രഭാവർമ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ജഡ്ജിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സെബാസ്റ്റ്യൻ പോൾ, കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സി. നാരായണൻ, ജില്ലാ സെക്രട്ടറി കിരൺ ബാബു എന്നിവർ സന്നിഹിതരായിരുന്നു. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് സെക്രട്ടറി പി. വേണുഗോപാൽ സ്വാഗതവും ഡയറക്ടർ ഇൻ ചാർജ് കെ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
പത്രപ്രവർത്തന ചരിത്രത്തിലെ തിളക്കമാർന്ന വ്യക്തിത്വങ്ങളായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ സ്മരണാർഥമാണ് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഒരുലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഫോട്ടോഗ്രഫിയിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം പി.ഡേവിഡിനാണ് നൽകിയിരിക്കുന്നത്.
ജനറൽ റിപ്പോർട്ടിങ്, വികസനോൻമുഖ റിപ്പോർട്ടിങ്, കാർട്ടൂൺ, ന്യൂസ് ഫോട്ടോഗ്രഫി, ടി.വി റിപ്പോർട്ടിങ്, ടി.വി ന്യൂസ് എഡിറ്റിങ്, ടി.വി ന്യൂസ് ക്യാമറ, ടി.വി ന്യൂസ് റീഡർ, ടി.വി അഭിമുഖം എന്നീ വിഭാഗങ്ങളിലാണ് മാധ്യമ പുരസ്‌കാരങ്ങൾ നൽകിയത്.
എം. ഫിറോസ്ഖാൻ (മാധ്യമം), കെ. സുജിത്ത് (മംഗളം), സിദ്ദിഖുൽ അക്ബർ (മാതൃഭൂമി), കെ.ഉണ്ണിക്കൃഷ്ണൻ (മാതൃഭൂമി), എം. ദിനുപ്രകാശ് (മനോരമ ന്യൂസ്), റഹീസ് റഷീദ് (മീഡിയ വൺ), ബൈജു നിഴൂർ (മാതൃഭൂമി ന്യൂസ്), ഡാൾട്ടൺ ജോസ് (മനോരമ ന്യൂസ്), ജിബിൻ ബേബി (ഏഷ്യാനെറ്റ് ന്യൂസ്), ജയ്സൽ ബാബു (മീഡിയ വൺ), അനുജ (റിപ്പോർട്ടർ ടി.വി), അഭിജിത്ത് ബി (എ.സി.വി ന്യൂസ്), ജിമ്മി ജെയിംസ് (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവർക്കാണ് മാധ്യമപുരസ്‌കാരം ലഭിച്ചത്.  2018-ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് ലഭിച്ചത്  പ്രവീഷ് ഷൊർണൂർ, മനൂപ് ചന്ദ്രൻ, രാകേഷ് പുത്തൂർ എന്നിവർക്കാണ്.
ചടങ്ങിനോടനുബന്ധിച്ച് വൈകിട്ട് മൂന്ന് മണിമുതൽ അവാർഡ് ജേതാക്കളും മാധ്യമവിദ്യാർഥികളുമായുള്ള സംവാദവും തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തകരുടെ ഒത്തുചേരലും സംഘടിപ്പിച്ചു. വൈകിട്ട് നാലുമണിമുതൽ അനന്തകൃഷ്ണനും അരവിന്ദ് കൃഷ്ണനും അവതരിപ്പിക്കുന്ന തായമ്പക അരങ്ങേറി.
പുരസ്‌കാരദാന ചടങ്ങുകൾക്ക് ശേഷം ലോക കേരള സഭയുമായി സഹകരിച്ച് പ്രമുഖ നർത്തകി ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത സംഗീത ശിൽപം ‘ദേവഭൂമിക’യും വേദിയിലെത്തി.