നിരാശ്രയരായ വൃക്കരോഗികളെ സഹായിക്കാൻ ജില്ലാ പഞ്ചായത്ത് ഇതര തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജീവനം പദ്ധതിയിലേക്ക് സുൽത്താൻ ബത്തേരി നഗരസഭ കണ്ടെത്തി നൽകിയത് 6,00,425 രൂപ. നഗരസഭയിലെ 35 വാർഡുകളിൽനിന്നായി ശേഖരിച്ച തുകയുടെ ചെക്ക് നഗരസഭ ചെയർമാൻ ടി.എൽ സാബു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയ്ക്ക് കൈമാറി.
ജില്ലയിൽ എണ്ണൂറിലധികം വൃക്കരോഗികൾ വിവിധ ആശുപത്രികളിലായി ഡയാലിസിസ് നടത്തുന്നുണ്ട്. നിർധന രോഗികൾക്ക് ചികിൽസ ചെലവ് അപ്രാപ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവ് വരുന്ന ജീവനം പദ്ധതിക്ക് തുടക്കമിട്ടത്. ഡയാലിസിസ് ആവശ്യമായ ജില്ലയിൽ സ്ഥിരതാമസക്കാരായ രോഗികൾക്ക് അർഹമായ സാമ്പത്തിക സഹായം ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഗഡുവായി ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 70 ലക്ഷം രൂപ പൊതുജനങ്ങളിൽ നിന്നു ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. ചടങ്ങിൽ ബത്തേരി നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ സി.കെ സഹദേവൻ, ബാബു അബ്ദുറഹ്മാൻ, സെക്രട്ടറി അലി അഷ്‌കർ, കൗൺസിലർ ടി.കെ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.