*2018-ലെ മികച്ച സേവനം കാഴ്ചവച്ച മോഡേൺ മെഡിസിൻ ഡോക്ടർമാർക്കുള്ള സംസ്ഥാന അവാർഡുകൾ സമ്മാനിച്ചു

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ ഏറെ ത്യാഗം ചെയ്യുന്നവരും പ്രതിഭകളും മനുഷ്യ സ്‌നേഹികളുമാണെന്ന്  ആരോഗ്യവും സാമൂഹ്യനീതിയും വനിതാ-ശിശു വികസനവും വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ. തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 2018 മികച്ച ഡോക്ടർമാർക്കുള്ള അവാർഡ് ദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മിൽ അർപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്ന ബോധ്യം ഉണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ ഇനിയും ആരോഗ്യമേഖലയിൽ ചെയ്യാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
സേവന സമയവും സന്നദ്ധതയും വർധിപ്പിക്കണം. വലിയ പ്രശ്‌നങ്ങൾ ആരോഗ്യ മേഖലയിലുണ്ട്. ആരോഗ്യ മേഖലയെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിക്കണമെങ്കിൽ കൂടുതൽ ത്യാഗപൂർണമായ സേവനം നടത്തണം. കേരളം രൂപംകൊണ്ടതിനു ശേഷം ആരോഗ്യമേഖലയിൽ നാം വളരെ ആസൂത്രിതമായി നടത്തിയിട്ടുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ ഫലമായാണ് രാജ്യത്ത്  ആരോഗ്യ സൂചികകളിൽ കേരളത്തിന്  മുന്നിട്ട് നിൽക്കാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ ഐ.എ.എസ്  അദ്ധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ ഐ.എ.എസ്,  ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, കെ.എസ്.എ.സി.എസ് പ്രോജക്ട് ഡയറക്ടർ  ഡോ. രമേശ് ആർ, മെഡിക്കൽ വിദ്യഭ്യാസ ഡയറക്ടർ ഡോ. റംലാബീവി എ. തുടങ്ങിയവരും ചടങ്ങിൽ  പങ്കെടുത്തു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ആർ ചാന്ദിനി മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിനുള്ള പുരസ്‌കാരം മന്ത്രിയിൽ നിന്നും സ്വീകരിച്ചു. ഹെൽത്ത് സർവീസ് വിഭാഗത്തിൽ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും സ്റ്റേറ്റ് ലെപ്രസി ഓഫീസറുമായ ഡോ. ജെ പത്മലത, മെഡിക്കൽ ഇൻഷുറൻസ് സർവീസ് സെക്ടറിൽ ആലപ്പുഴ ഇ എസ് ഐ ഡി ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. ജോർജ് ഹറോൾഡ്, ആർ സി സി/ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയിൽ മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. ബി സതീശൻ, ദന്തൽ മേഖലയിൽ ആരോഗ്യ വകുപ്പ് ദന്തൽ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. സൈമൺ മോറിസൺ, സ്വകാര്യമേഖലയിൽ കോഴിക്കോട് ചാലപ്പുറം പീഡിയാട്രിക് കൺസൾട്ടന്റായ ഡോ. സി എം അബൂബക്കർ എന്നിവരും മന്ത്രിയിൽനിന്നും പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി.