മൂവാറ്റുപുഴ: മൂവാറ്റുപുഴ-വാഴക്കുളം റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 10-കോടി രൂപ അനുവദിച്ചു. മൂവാറ്റുപുഴ-പുനലൂര്‍ റോഡിന്റെ ഭാഗമായ മൂവാറ്റുപുഴ പി.ഒ.ജംഗ്ഷന്‍ മുതല്‍ നിയോജക മണ്ഡലാതിര്‍ത്തിയായ വാഴക്കുളം അച്ചന്‍കവല വരെയുള്ള ഭാഗത്തെ റോഡ് നവീകരണത്തിനാണ് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 10-കോടി രൂപ അനുവദിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.എം, ബിസി നിലവാരത്തില്‍ ടാര്‍ചെയ്ത റോഡിന്റെ പലഭാഗങ്ങളിലും കുഴികള്‍ രൂപപ്പെട്ട് അപകടങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണ്. റോഡ് നവീകരിക്കണമെന്ന പ്രദേശവാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ നടത്തിയ ഇടപെടലുകളെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡിനെ ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 10-കോടി രൂപ അനുവദിച്ചത്. റോഡ് ബി.എം, ബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതോടൊപ്പം റിഫ്‌ളക്‌സ് ലൈറ്റുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സീബ്രാലൈനുകളും സ്ഥാപിക്കും. ഇതോടൊപ്പം റോഡില്‍ വെള്ളകെട്ടുള്ള ഭാഗങ്ങളില്‍ ഓടകളും, കോണ്‍ഗ്രീറ്റിംഗും അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി റോഡ് മനോഹരമാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മൂവാറ്റുപുഴയിലെ പ്രധാന റോഡുകളെല്ലാം തന്നെ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഫണ്ട് അനുവദിക്കാന്‍ കഴിഞ്ഞത് ചരിത്ര നേട്ടമാണന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. കഴിഞ്ഞവര്‍ഷം ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി എം.സി റോഡിലെ മൂവാറ്റുപുഴ മുതല്‍ വല്ലം വരെയുള്ള റോഡ് 15-കോടി രൂപ മുതല്‍ മുടക്കി നവീകരിച്ചിരുന്നു. മൂവാറ്റുപുഴ എവറസ്റ്റ് ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് വരെയും, മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ് റോഡും, ചന്തക്കടവ് റോഡും ഒരു കോടി രൂപ മുതല്‍ മുടക്കി ബിഎം, ബിസി നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. എം.സി.റോഡിലെ മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡ് കെ.എസ്.റ്റി.പി.റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. മൂവാറ്റുപുഴ-പണ്ടപ്പിള്ളി-കൂത്താട്ടുകുളം റോഡിന് കേന്ദ്ര റോഡ്‌സ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 16-കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയി. ഈ റോഡിലെ പഴയ പൈപ്പുകള്‍ മാറ്റുന്നതിന് 1.50-കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ പരിഗണനയിലാണ്.മൂവാറ്റുപുഴ നഗരത്തിലൂടെ കടന്നു പോകുന്ന കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ കക്കടാശ്ശേരി മുതല്‍ കടാതി വരെയുള്ള ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്നും 89-ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്ന് വരികയാണ്. നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ തകര്‍ന്ന പൊതുമരാമത്ത് റോഡുകളുടെ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി വരികയാണന്നും അടുത്ത ഘട്ടത്തില്‍ ഈറോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഫണ്ട് അനുവദിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.