കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുന്ന അനധികൃതവും പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സൗകര്യമില്ലാത്തതുമായ കെട്ടിടം പൊളിച്ചു നീക്കുന്നതിനും നടപടി എടുക്കുന്നതിനുമായി പറവൂർ നഗരസഭ, ലേബർ ഓഫീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ റിപ്പോർട്ട് വാങ്ങി അടിയന്തരമായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യാൻ പറവൂർ താലൂക്ക് വികസന സമിതി തഹസിൽദാരെ ചുമതലപ്പെടുത്തി. ദുരന്ത നിവാരണ നിയമപ്രകാരമാണ് കെട്ടിടം പൊളിച്ചുമാറ്റുന്നത്. സെപ്റ്റിക് ടാങ്ക് കൊതുകുകളും മറ്റും പെരുകി വൃത്തിഹീനമായ സാഹചര്യത്തിൽ നിലകൊള്ളുന്നതായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പും അവരുടെ ജീവിത രീതിയും മറ്റും അവലോകനം ചെയ്യുന്നതിനുമായി പോലീസ്, എക്സൈസ്, പഞ്ചായത്ത് സെക്രട്ടറിമാർ, തൊഴിൽ വകുപ്പ്, താലൂക്ക് വികസന സമിതി അംഗങ്ങൾ എന്നിവരെ ചേർത്തുള്ള ഒരു യോഗം പറവൂർ തഹസിൽദാരുടെ അധ്യക്ഷതയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തുമെന്ന് തഹസിൽദാർ അറിയിച്ചു.

താലൂക്ക് വികസന സമിതിയിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അഭാവം തീരുമാനങ്ങൾ എടുക്കാൻ തടസമാകുന്നതായി താലൂക്ക് വികസന സമിതി യോഗം വിലയിരുത്തി.