ചരിത്രം തിരസ്കരിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിമതവര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അത്തരം ശ്രമങ്ങളെ സാംസ്കാരിക പ്രവർത്തകർ ഒത്തൊരുമിച്ചു തോല്‍പിക്കണമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കോട്ടൂര്‍ പഞ്ചായത്തിലെ അവിടനെല്ലൂരില്‍ കവി എന്‍.എന്‍ കക്കാട് സ്മാരകത്തിനുള്ള ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. എഴുപതുകളിലെ ജനാധിപത്യ വിരുദ്ധതക്കെതിരേ എന്‍.എന്‍.കക്കാട് കവിതകളെഴുതിയിട്ടുണ്ട്. ജീവിതത്തെയും കവിതയെയും പോസിറ്റീവായി സമീപിച്ച് കവിയായിരുന്നു അദ്ദേഹം എന്നും മന്ത്രി പറഞ്ഞു.

കവിയുടെ ജന്മദേശമായ അവിടനല്ലൂരില്‍ നടന്ന  ചടങ്ങില്‍ കവിയുടെ ഭാര്യ ശ്രീദേവി കക്കാടിനൊപ്പം മക്കളായ ശ്രീകുമാറും ശ്യംകുമാറും സന്നിഹിതരായിരുന്നു. താന്‍ ജനിച്ച ഗ്രാമത്തിലെ നാട്ടിടവഴികളും വയലേലകളും കാവല്‍പുരകളും തന്നെയാണ് കക്കാടിന്‍റെ കവിതകള്‍ക്ക് പ്രചോദനമായതെന്ന് ശ്രീദേവി കക്കാട് പറഞ്ഞു.  ചടങ്ങിൽ പുരുഷൻ കടലുണ്ടി എം എൽ എ അധ്യക്ഷത വഹിച്ചു.  കേരള സർക്കാർ  സാംസ്കാരിക വകുപ്പ് അനുവദിച്ച 75ലക്ഷം രൂപ ചെലവഴിച്ചാണ്  അവിടനല്ലൂരിൽ സ്മാരകമായി പഠന ഗവേഷണ കേന്ദ്രമൊരുങ്ങുന്നത്.കോട്ടൂർ ഗ്രാമപ്പഞ്ചായത്തും അവിടനല്ലൂരിൽ പ്രവർത്തിക്കുന്ന എൻ.എൻ കക്കാട് വായനശാലയും ചേർന്ന് വാങ്ങിയ 20 സെന്റ് സ്ഥലത്താണ് കെട്ടിടമുയരുക.ഡിജിറ്റൽ ലൈബ്രറി, സാംസകാരിക നിലയം, വായനാമുറി തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങളും പഠന ഗവേഷണ കേന്ദ്രത്തിൽ ഉൾപ്പെടുത്തും. കോട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. പ്രതിഭ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ചന്ദ്രൻ, കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ ബാലൻ,ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്  എൻ ശങ്കരൻ,  മെമ്പർമാരായ ഉഷ മലയിൽ, ഹമീദ്, വിലാസിനി, യുഎ ഷീന, സിഡിഎസ് ചെയർപേഴ്സൺ ഷീജ, പഞ്ചായത്ത് നേതൃസമിതി ചെയർമാൻ രാജൻ നരയംകുളം, പികെ  ഗംഗാധരൻ, എൻ എൻ കക്കാട് സ്മാരക വേദി സെക്രട്ടറി പികെ പ്രഭിലാഷ്‌,  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ  കാറങ്ങോട്ട് സ്വാഗതവും നിർമാണ കമ്മിറ്റി സെക്രട്ടറി കെ ഷൈൻ  നന്ദിയും പറഞ്ഞു.