ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം ജനുവരി രണ്ടാം വാരത്തോടെ നീക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രഷറിയില്‍ നിന്ന് ശമ്പളം, ക്ഷേമാനുകൂല്യങ്ങള്‍, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള സ്വന്തം പണം പിന്‍വലിക്കല്‍ എന്നിവയൊഴികെയുള്ളതിന് നേരത്തെ മുന്‍കൂര്‍ അനുവാദം വേണ്ടിയിരുന്നു.  ജനുവരി പകുതി മുതല്‍ 25 ലക്ഷം രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനു മാത്രമായിരിക്കും നിയന്ത്രണം.

സംസ്ഥാന സര്‍ക്കാരിന് വായ്പ എടുക്കുന്നതിനുള്ള നിയന്ത്രണം ഒഴിവായ സാഹചര്യത്തിലാണ് നടപടി. 6100 കോടി രൂപ അടുത്ത മൂന്നു മാസത്തേക്ക് വായ്പ എടുക്കുന്നതിനുള്ള അനുവാദം ലഭിച്ചതായി മന്ത്രി പറഞ്ഞു. ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വഴി വായ്പ എടുത്ത് അത്യാവശ്യ കാര്യങ്ങള്‍ സംസ്ഥാനം നടത്തിയിരുന്നു. ഈ പ്രവണത കൂടിയതോടെയാണ് കേരളത്തിനു മേല്‍ നിയന്ത്രണം ഉണ്ടായതും വായ്പ എടുക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടതും. ഇതോടെ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കവുമുണ്ടായി.
വായ്പ എടുക്കാനുള്ള സാഹചര്യം ഉണ്ടായതിനാല്‍ തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകള്‍ക്ക് മുന്‍ഗണന നല്‍കി പാസാക്കും. ഇപ്പോഴുണ്ടായ അനുഭവം ധനവകുപ്പിന് വലിയ പാഠമാണ്. ഇനി കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കും. ഗള്‍ഫില്‍ നിന്ന് കൂടുതല്‍ പേര്‍ മടങ്ങി വരുന്നത് ജനം പണം ചെലവഴിക്കുന്നതിനെ ബാധിച്ചിട്ടുണ്ട്. വില്‍പനയിലെ ഇടിവ് നികുതിയെ ബാധിച്ചതായും മന്ത്രി പറഞ്ഞു.