കൊച്ചി: ചിലവന്നൂര്‍ കായല്‍ അടക്കം ജില്ലയില്‍ വേമ്പനാട് കായലിന്റെ കയ്യേറിയ ഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ സമഗ്രപദ്ധതിക്ക് ജില്ലാ ഭരണകൂടം രൂപം നല്‍കി. ചിലവന്നൂര്‍ കായലില്‍ പൂണിത്തുറ, എളംകുളം വില്ലേജുകളില്‍ ഉള്‍പ്പെട്ട ഭാഗങ്ങളിലെ കയ്യേറ്റം സര്‍വെ നടത്തി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. മരട് വില്ലേജിലെ സര്‍വെയും അന്തിമഘട്ടത്തിലാണ്. കയ്യേറിയ സ്ഥലങ്ങള്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ച് വേര്‍തിരിച്ചതിന് ശേഷം പിടിച്ചെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.
ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗമാണ് കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ വിലയിരുത്തിയത്.
കായലിനോട് ചേര്‍ന്ന് കയ്യേറിയ സ്ഥലങ്ങള്‍ നിലവില്‍ ആരുടെ കൈവശമാണെന്ന് കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാരോട് ആവശ്യപ്പെടും. കയ്യേറ്റക്കാര്‍ ആരാണെന്നത് അടക്കമുള്ള വിവരമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറുക. തുടര്‍ന്ന് ഈ ഭൂമി ഏറ്റെടുക്കേണ്ടതും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതും തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്. സര്‍വെ നടത്തുന്നതിനും കയ്യേറ്റമൊഴിപ്പിച്ച് ഭൂമി സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നതിനും വില്ലേജ്, തദ്ദേശ സ്ഥാപന അധികൃതര്‍ക്ക് സര്‍വ പിന്തുണയും ജില്ലാ ഭരണകൂടം നല്‍കും.
ചിലവന്നൂര്‍ കായലിന്റെ പടിഞ്ഞാറുഭാഗത്തുള്ള കയ്യേറ്റങ്ങള്‍ എളംകുളം വില്ലേജിന്റെയും കിഴക്കുഭാഗത്തെ കയ്യേറ്റങ്ങള്‍ പൂണിത്തുറ വില്ലേജിന്റെയും പരിധിയിലാണ്. കൊച്ചി കോര്‍പ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലും ഉള്‍പ്പെട്ടതാണ് ഈ ഭാഗങ്ങള്‍. കായലിന്റെ തെക്കുഭാഗമാണ് മരട് നഗരസഭാ പരിധിയില്‍ വരുന്നത്. ചിലവന്നൂര്‍, വേമ്പനാട് കായലുകളിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കാലതാമസം പാടില്ലെന്ന് സബ് കളക്ടര്‍ പറഞ്ഞു. ചിലവന്നൂര്‍ കായലിലെ കയ്യേറ്റങ്ങള്‍ സര്‍വെ നടത്തി ഒഴിപ്പിക്കുന്നതിനൊപ്പം വേമ്പനാട് കായലിലെ മറ്റ് കയ്യേറ്റങ്ങളുടെയും ഭൂപടം തയാറാക്കും. കൊച്ചി കോര്‍പ്പറേഷനും മൂന്ന് നഗരസഭകളും 19 പഞ്ചായത്തുകളുമാണ് ജില്ലയില്‍ വേമ്പനാട് കായലിന്റെ തീരം പങ്കിടുന്നത്.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ. കബീര്‍, സര്‍വെ ഡപ്യൂട്ടി ഡയറക്ടര്‍ മധുലിമായെ, കൊച്ചി തഹസില്‍ദാര്‍ കെ.വി. അംബ്രോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.