കേരളത്തിലെ മാനവികതയുടെ പൊതുവിദ്യാലയങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും നാടിന്റെ ബഹുസ്വരതയെ തൊട്ടറിയുന്ന പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീൽ. മാനന്തവാടി തൃശ്ശിലേരി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കുട്ടികൾക്ക് പരസ്പരം അടുത്തറിയാനുളള അവസരങ്ങളാണ് പൊതുവിദ്യാലയങ്ങൾ. ഇത്തരം വിദ്യാലയങ്ങൾ ദുർബലമാകുമ്പോൾ നാട്ടിൽ വിഭാഗീയ ശക്തികൾ കരുത്താർജ്ജിക്കും. എല്ലാവിഭാഗത്തിലുളള കുട്ടികൾക്കും ഒന്നിച്ചിരിന്ന് കളിക്കാനും പഠിക്കാനും പൊതുവിദ്യാഭ്യാസ സമ്പ്രദായം ഉണ്ടായതാണ് കേരളത്തെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ മുന്നിലെത്തിച്ചതെന്നും മന്ത്രി പറഞ്ഞു.

മതസൗഹാർദ്ദത്തിന്റെ ആദ്യപാഠങ്ങൾ പകർന്ന് ലഭിക്കുന്നത് വിദ്യാലയങ്ങളിലൂടെയാണ്. ഒരേ മതവിഭാഗത്തിൽപ്പെട്ടവർ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളിലെ കുട്ടികളുടെ മനസ്സ് വിശാലമായിരിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അവനവൻ ജീവിക്കുന്ന ചുറ്റുപാടുകളിൽ അധിവസിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെയും സംസ്‌ക്കാര രീതികളും വിശ്വാസങ്ങളും ആചാരങ്ങളും എന്റെ വിശ്വാസങ്ങളും ആചാരങ്ങളുമായി എത്രത്തോളം ചേർന്ന് നിൽക്കുന്നുവെന്ന് മനസിലാക്കാൻ കഴിയുന്ന അറിവ് നേടാൻ കുട്ടികൾക്ക് അവസരം ലഭിക്കണം. എന്റെ രാജ്യം ഏങ്ങനെയാണെന്ന് ചോദിച്ചാൽ എന്റെ ക്ലാസ് മുറിപോലെയാണെന്ന് പറയാൻ അധ്യാപകന് കഴിയണം. അക്ഷരത്തോടൊപ്പം മതനിരപേക്ഷതയുടെ പാഠങ്ങളും പകർന്ന് നല്കുന്നതോടെ മതാന്ധതയെ തകർക്കാനും വർഗീയതയെ തടയാനും സാധിക്കും. അതിനാൽ ഓരോ വിദ്യാലയങ്ങളും നാടിന്റെ പരിച്ഛേദങ്ങളാകണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും ഓർമ്മ മരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രാഭാകരനും നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ദേവകി, എ.എൻ പ്രഭാകരൻ, പ്രിൻസിപ്പാൾ വി.ശശീധരൻ, ഹെഡ് മാസ്റ്റർ പ്രദീപ് മാണിയത്ത്, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഇസാക്ക് തുടങ്ങിയവർ സംസാരിച്ചു.