കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന അടുക്കളയുടെയും ഡൈനിംഗ് ഹാള്‍ കെട്ടിടത്തിന്റെയും ശിലാസ്ഥാപനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും ഭക്ഷണശാലയും നിര്‍മ്മിക്കുന്നത്. താഴത്തെ നിലയില്‍ വരാന്ത, അടുക്കള, ഡൈനിംഗ് ഹാള്‍, സ്‌റ്റോര്‍ റൂം, വാഷ് റൂം എന്നിവയും മുകളില്‍ സ്‌റ്റെയര്‍ റൂമും സജ്ജീകരിച്ച് ഇരുനിലകളിലായാണ് കെട്ടിടം നിര്‍മിക്കുക.

സ്‌പോര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആവശ്യാര്‍ഥം എംഎല്‍എ ഫണ്ടില്‍ നിന്ന്  സ്‌കൂള്‍ബസ് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ ക്ലാസ് മുറികള്‍ക്കായി സര്‍ക്കാരിന് രണ്ട് കോടി രൂപയുടെ ഡിപിആര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സ്‌പോര്‍ട്‌സ് വകുപ്പുമായി സഹകരിച്ച് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുഖ്യാതിഥിയായി. കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന മൊയ്തീന്‍, വെള്ളോറ രാജന്‍, കൗണ്‍സിലര്‍ ലിഷ ദീപക്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, പിഡബ്ല്യുഡി ബില്‍ഡിംഗ് തലശ്ശേരി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ജഗദീഷ്, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ പി ടി വിനോദ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ടി ഒ വേണുഗോപാലന്‍, പ്രിന്‍സിപ്പല്‍ ടി വിമ തുടങ്ങിയവര്‍ പങ്കെടുത്തു.