മാനന്തവാടി ഗവ.കോളേജിൽ അക്കാദമിക്, ലൈബ്രറി ബ്ലോക്ക്, ഹെറിറ്റേജ് മ്യൂസിയം എന്നിവയുടെയും നവീകരിച്ച ഓപ്പൺ എയർ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീൽ നിർവ്വഹിച്ചു. ഒരു വിദ്യാർത്ഥിയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ മനസിലാക്കി പ്രോത്സാഹിപ്പിക്കാൻ സാധിക്കുന്ന മെന്റർമാരാകാൻ അധ്യാപകർക്ക് കഴിയണം. അത്തരം അധ്യാപകർക്ക് മാത്രമേ വിദ്യാർത്ഥി മനസ്സിൽ സ്ഥായിയായ സ്ഥാനം നേടാൻ സാധിക്കുകയുളളുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി നഗരസഭ അധ്യക്ഷൻ വി.ആർ പ്രവിജ്, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി. ഉഷാകുമാരി, എ.എൻ പ്രഭാകരൻ, പ്രിൻസിപ്പാൾ ആർ.സായ് റാം, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഇസാക്ക്, ജില്ലാ നിർമിതി കേന്ദ്ര പ്രോജക്ട് മാനേജർ ഒ.കെ സാജിത്ത് തുടങ്ങിയവർ സംസാരിച്ചു.