ഭാവി മുന്നില്‍ക്കണ്ട് കള്ളുചെത്ത് വ്യവസായം സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള ടോഡി ബോര്‍ഡ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഐ.ടി.ഐ. ഗസ്റ്റ് ഹൗസില്‍ വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കള്ളില്‍ കൃത്രിമത്വം ചേര്‍ക്കുന്നതും തൊഴിലാളികളെ ബിനാമികള്‍ ചൂഷണം ചെയ്യുന്നതും വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നിരീക്ഷണവും നടപടിയുമുണ്ടാകും. അനധികൃത വില്‍പ്പനയെയും ശക്തമായി തടയും. കള്ളിന്റെ അനധികൃത വില്‍പന ഷാപ്പുകളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നതിനാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കള്ള്ചെത്ത് വ്യവസായത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ടാണ് ടോഡി ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അംഗീകൃത തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വ്യാജ മദ്യവില്‍പ്പനയുടെ വര്‍ധനവ്, തൊഴില്‍ മേഖലയിലേയ്ക്കുള്ള ലോബികളുടെ കടന്നുകയറ്റം, തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മദ്യത്തിന്റെ വ്യാജ ഒഴുക്ക് തടയുന്നതിനായി അതിര്‍ത്തികളില്‍ എക്സൈസ് – പോലീസ് പരിശോധന കര്‍ശനമാക്കി തമിഴ്നാട് സര്‍ക്കാരുമായി സംസാരിച്ച് മദ്യത്തിന്റെ ഒഴുക്ക് തടയുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കും. ചിറ്റൂര്‍ മേഖലയിലെ തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ ട്രേഡ് യൂണിയന്‍ പ്രതിനിധികളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. എക്സൈസ് കമ്മീഷണര്‍ ആനന്തകൃഷ്ണന്‍ ഐ.പി.എസ്, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഡി.രാജീവ്, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ എന്‍ഫോഴ്സ്മെന്റ് സാം ക്രിസ്റ്റി ഡാനിയേല്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.പി. സുലേഷ്‌കുമാര്‍, എക്സൈസ് വകുപ്പ് വകുപ്പുദ്യോഗസ്ഥര്‍ വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.