പിന്നാക്കവിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന്റെ ഏറ്റവും ഉചിതമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് പാലക്കാട് ഗവ. മെഡിക്കല്‍ കോളെജിലൂടെ നടപ്പിലാവുന്നതെന്ന് ഗവ. മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് ഉദ്ഘാടന പരിപാടിയില്‍ മുഖ്യാതിഥിയായ ആരോഗ്യ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പട്ടികജാതി വിഭാഗത്തിന് 70 സീറ്റും പട്ടികവര്‍ഗ വിഭാഗത്തിന് രണ്ട് സീറ്റും ജനറല്‍ വിഭാഗത്തിന് സംവരണത്തിലൂടെ 13 സീറ്റും നല്‍കിയിട്ടുണ്ട്. ആദ്യ എം.ബി.ബി.എസ് ബാച്ചില്‍ പരീക്ഷയെഴുതിയ 80 വിദ്യാര്‍ഥികളില്‍ 74 പേര്‍ വിജയിക്കുകയും ഒരാള്‍ ഡിസ്റ്റിങ്ഷന്‍ കരസ്ഥമാക്കുകയും ചെയ്തത് വലിയ നേട്ടമാണ്. സര്‍ക്കാര്‍ വന്നതിനു ശേഷം മെഡിക്കല്‍ കോളെജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പരിഗണന നല്‍കിയിരുന്നു. 305 പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ശരിയായ രീതിയില്‍ നിയമനം നടപ്പിലാക്കുകയും ചെയ്തു. നവോത്ഥാന ആശയങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നു വന്നതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ ഇതില്‍നിന്നും ഒരു തിരിച്ചുപോക്ക് ഉണ്ടാകുന്നുണ്ടോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും ആധുനിക സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ പുതിയ തലമുറ തിരിച്ചറിയേണ്ടതുണ്ടെന്നും മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.