കാഞ്ഞിരമറ്റം: പ്രളയത്തിന്റെ ഭീതിത ഓർമ്മകൾക്ക് ഒരു വർഷം ആകുമ്പോൾ പ്രളയം തകർത്ത പഴയ വീടിനു പകരം സർക്കാർ ധനസഹായത്തോടെ പണി പൂർത്തിയായ പുതിയ വീടിന്റെ സുരക്ഷിതത്വത്തിൽ കഴിയുകയാണ് കരിപ്പാടം നിവാസികളായ കെ.പി ഉത്തമനും ഭാര്യ ഉദയമ്മയും. സുരക്ഷിതമായ വീടായല്ലോ അതുമതി എന്നാണ് ഉദയമ്മയുടെ ആശ്വാസം.
കഴിഞ്ഞ പ്രളയകാലത്ത് ആമ്പല്ലൂർ പഞ്ചായത്ത് 16-ാം വാർഡിൽ ഉൾപ്പെടുന്ന കരിപ്പാടം പ്രദേശത്തെ 10 വീടുകളിലും വെള്ളം കയറി. ആഗസ്റ്റ് 15 ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ നിന്നും രണ്ടാഴ്ച കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഒരു വശം ഭിത്തിയും ബാക്കി പലകയും മറച്ച തന്റെ വീട് നിലംപൊത്തിയ കാഴ്ചയാണ് ഉത്തമൻ കണ്ടത്. സ്ഥിരവരുമാനമില്ലാത്ത ഉത്തമന് പുതിയ വീട് പണിയുന്ന കാര്യം ചിന്തിക്കാൻ കഴിയാത്തതായിരുന്നു.
വാഹന സൗകര്യമില്ലാത്ത പ്രദേശത്തേക്ക് നിർമ്മാണ വസ്തുക്കൾ എത്തിക്കണമെങ്കിൽ വള്ളത്തെ ആശ്രയിക്കണം. സാധാരണ സ്ഥലത്ത് വീട് പണിയുന്നതിലും ഇരട്ടി തുക ഇതിനാൽ ചെലവാകും. റീബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ധനസഹായം നൽകിയതിനാൽ മാത്രമാണ് തനിക്ക് സുരക്ഷിത ഭവനം സാധ്യമായതെന്ന് ഉത്തമൻ പറയുന്നു.
വടക്ക് കോണോത്തുപുഴയും തെക്ക് പൂത്തോട്ട കായലും ചേരുന്ന പ്രദേശമാണ് കരിപ്പാടം. ചെളിനിറഞ്ഞ പ്രദേശമായതിനാൽ വീട് നിർമ്മാണത്തിന് പൂഴി മണ്ണിന്റെ ഇറക്കുമതി വലിയ തോതിൽ വേണ്ടി വന്നു. ഭാവിയിൽ വെള്ളപൊക്കമുണ്ടായാലും എളുപ്പം വെള്ളം കയറാത്ത വിധത്തിൽ തറ ഉയരം കൂട്ടി പ്രത്യേകം ബലപ്പെടുത്തിയാണ് പുതിയ വീടിന്റെ നിർമ്മാണം. ചതുപ്പ് പ്രദേശമായതിനാൽ വീടിന്റെ മുകൾഭാഗത്തെ കോൺക്രീറ്റിംഗ് ഒഴിവാക്കി ഷീറ്റ് വിരിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
കാപ്ഷൻ
റീബിൽഡ് പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ വീടിന് മുന്നിൽ ആമ്പല്ലൂർ കരിപ്പാടം നിവാസികളായ കെ.പി ഉത്തമനും ഭാര്യ ഉദയമ്മയും.