ജില്ലയിലെ തരിശ് നിലങ്ങളില്‍ നെല്‍കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കതിരണിപ്പാടം പദ്ധതിക്ക് പട്ടുവം അരിയിലില്‍ തുടക്കമായി. കൃഷി വകുപ്പ്, പട്ടുവം കൃഷി ഭവന്‍ എന്നിവയുമായി സഹകരിച്ച് അരിയില്‍ പാടശേഖരം സമിതിയുടെ അഞ്ച് വര്‍ഷത്തിലേറെയായി തരിശായിക്കിടക്കുന്ന 50 ഏക്കര്‍ കൈപ്പാട് മേഖലയില്‍ ഞാറ് നടീല്‍ ഉല്‍സവം സംഘടിപ്പിച്ചുകൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നടീല്‍ ഉല്‍സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന നൂതനപദ്ധതിയാണ് കതിരണിപ്പാടം പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയെ തരിശ് രഹിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി ജില്ലയുടെ കാര്‍ഷിക വികസനത്തിലെ പ്രധാന ചുവടുവയ്്പ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ കെ വിജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷീജ, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി പി പി സുബൈര്‍ സ്വാഗതവും കൃഷി ഓഫീസര്‍ ജ്യോമിലി നന്ദിയും പറഞ്ഞു.
വര്‍ഷങ്ങളായി തരിശായി കിടന്നതു മൂലം കാടുമൂടിക്കിടക്കുകയായിരുന്ന പ്രദേശം ആധുനിക യന്ത്രത്തിന്റെ സഹായത്തോടെ 15 ലക്ഷത്തോളം രൂപ ചെലവില്‍ വൃക്ഷത്തൈകളും മരങ്ങളും വേരോടെ പിഴുതുമാറ്റി വൃത്തിയാക്കിയ ശേഷമാണ് ഇവിടെ കൃഷിയിറക്കിയത്. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപയാണ് കതിരണിപ്പാടം പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. കൃഷി ചെയ്യാത്തതും കൃഷിക്ക് അനുയോജ്യവുമായി ജില്ലയിലുള്ള 1800 ഹെക്ടര്‍ ഭൂമിയില്‍ ഒന്നാം ഘട്ടമായി 1000 ഹെക്ടര്‍ കൃഷി യോഗ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കര്‍ഷകന് ഒരു ഹെക്ടറിന് 50,000 രൂപ വരെ നല്‍കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക.
