സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന പുതുശ്ശേരി ഗ്രാമപഞ്ചായത്തിന് ഇനി മുതല്‍ ഐ.എസ്.ഒ അംഗീകാരവും. ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പുതുശ്ശേരി പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചതായി പ്രഖ്യാപിച്ചു. നികുതി നല്‍കുന്ന ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കടമയാണ്. ഈ കര്‍ത്തവ്യം ശരിയായി നിറവേറ്റിയതിലൂടെ ഐ.എസ്.ഒ അംഗീകാരം നേടിയെടുത്ത ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി അനുമോദിച്ചു. പഞ്ചായത്തിലെ മുഴുവന്‍ ഫയലുകളും കെട്ടിക്കിടക്കാതെ നടപടികള്‍ അവസരോചിതമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിതമായ 10 കോടിയും ഫലപ്രദമായി പദ്ധതികള്‍ക്കായി വിനിയോഗിച്ചു. ഗ്രാമപഞ്ചായത്തില്‍ എത്തുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ പശ്ചാത്തല സൗകര്യമൊരുക്കി.

പഞ്ചായത്തിന് കീഴിലുള്ള അങ്കണവാടികള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മികച്ച സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കി. കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവ സജീവമാക്കി. നികുതി വരുമാനം കൃത്യമായും പിരിച്ചെടുക്കുന്നുണ്ട്. ഇത്തരത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് അംഗീകാരം ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പുതുശ്ശേരി പഞ്ചായത്തിന് പരിധിയിലെ സ്‌കൂളുകളില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് വാങ്ങിയ 48 വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് അംഗം നിധിന്‍ കണിച്ചേരി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈജ എന്നിവര്‍ അനുമോദിച്ചു. പരിപാടിയില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സി ഉദയകുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ശിവകാമി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എല്‍.ഗോപാലന്‍, എം. ജിന, സി.ചാമി, പഞ്ചായത്ത് അംഗങ്ങളായ എസ്.കെ അനന്തകൃഷ്ണന്‍, സി.തങ്കം, സെക്രട്ടറി പി.കെ അംബുജാക്ഷന്‍, അസി. സെക്രട്ടറി ഗിരീഷ്, അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ സുഭാഷ്, മുന്‍ സെക്രട്ടറി ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കസേരയും മേശയും വിതരണം ചെയ്തു.