മുള്ളൻകൊല്ലി-പുൽപ്പള്ളി-പൂതാടി വരൾച്ച ലഘൂകരണ പദ്ധതിക്കായി സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പുവർഷം വകയിരുത്തിയത് 6,98,00,000 രൂപ. ഇതിൽ 5,82,22,500 രൂപ സംസ്ഥാന സർക്കാർ വിഹിതമാണ്. ജില്ലാ പഞ്ചായത്ത് 44 ലക്ഷം രൂപയും മുള്ളൻകൊല്ലി, പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകൾ 25 ലക്ഷം രൂപയും വകയിരുത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 13 ലക്ഷവും പൂതാടി ഗ്രാമപഞ്ചായത്തിന്റെ 8,77,500 രൂപയും പദ്ധതി നടത്തിപ്പിന് വിനിയോഗിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസാണ് നിർവഹണ ഏജൻസി.
കബനി നദിയിലേക്ക് നേരിട്ട് ഒഴുകിയെത്തുന്ന മാണിക്കാട് പുഴ, കടമാൻ തോട്, മുദ്ദള്ളിത്തോട് എന്നീ തോടുകളിലേക്ക് വെള്ളം ഒഴുകുന്ന സ്ഥലങ്ങളും കന്നാരംപുഴയിലേക്ക് നീരൊഴുക്കുള്ള പൂതാടി, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ സ്ഥലങ്ങളും ഉൾപ്പെടെ 15220 ഹെക്ടർ സ്ഥലമാണ് പദ്ധതി പ്രദേശം. മുളളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകൾ മുഴുവനായും പൂതാടി പഞ്ചായത്തിലെ 3, 4, 5, 6 എന്നീ വാർഡുകളും പദ്ധതിയിൽ ഉൾപ്പെടും. കൊളവള്ളി, കടമാൻതോട്, പന്നിക്കൽ-പാക്കം എന്നീ മൂന്ന് ഉപനീർത്തടളായും ഇവയെ 11 സൂക്ഷ്മ നീർത്തടങ്ങളായും ശാസ്ത്രീയമായി അതിർത്തി തിരിച്ചാണ് പദ്ധതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. വലരൾച്ച ലഘൂകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികളാണ് ഈ വർഷം നടപ്പിലാക്കുന്നത്.
കിണർ റീച്ചാർജിംഗ്, ഗ്രീൻ ബെൽറ്റ് സ്ഥാപിക്കൽ, കൃഷി ഭൂമിയിൽ സാമൂഹ്യ വ്യക്ഷവൽക്കരണം, ഓട വച്ചുപിടിപ്പിക്കൽ, കാവുകൾ സ്ഥാപിക്കൽ, റോഡ് വാട്ടർ ഹാർവെസ്റ്റിംഗ്, ആവരണവിളക്യഷി പ്രോത്സാഹനം, തീറ്റപ്പുൽ കൃഷി, ജൈവ വള നിർമാണ യൂണിറ്റ്, വനത്തിനകത്തുള്ള തടയണ നിർമ്മാണം, പ്രകൃതിദത്ത ഉറവകളുടെ സംരക്ഷണം, ചകിരി നിറച്ച കമ്പോസ്റ്റ് കുഴികൾ, കോണ്ടർ ഡൈക്ക്, ലോഗ് വുഡ് ചെക്ക് ഡാം, തോടുകളുടെ പാർശ്വ സംരക്ഷണം, കോൺക്രീറ്റ് ചെക്ക് ഡാം, മൺഡാമുകൾ, മഴമാപനികൾ സ്ഥാപിക്കൽ എന്നിവയാണ് പദ്ധതി പ്രകാരം നടപ്പാക്കുന്ന പ്രവർത്തനങ്ങൾ. പദ്ധതി പ്രദേശങ്ങളിൽ വ്യത്യസ്ത മേഖലകളിലായി ആറു മഴമാപിനി യൂണിറ്റുകൾ സ്ഥാപിക്കും. ആവശ്യമായ തുക സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്.
