മഹാപ്രളയത്തിന്റെ ഓർമകൾക്ക് ഒരു വയസ് തികയുമ്പോൾ ‘അമ്മിണിക്കുട്ടി’യെ നേരിൽ കാണാൻ സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും അധ്യാപകരുമെത്തി. ഡോനേട്ട് എ കൗ കാമ്പയിനിൽ ആകർഷകമായാണ് എൻ.എസ്.എസ് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി ‘അമ്മിണിക്കുട്ടി’യെ മാനന്തവാടി എടവക പഞ്ചായത്തിലെ എള്ളുമന്നം ചേർക്കോട് കോളനിയിലെ ശാന്തയ്ക്ക് വാങ്ങി നൽകുന്നത്. പ്രളയത്തിൽ ഏക ഉപജീവന മാർഗമായ കറവ പശുക്കളെ നഷ്ടപ്പെട്ട് ദുരിതത്തിലായിരുന്ന ശാന്തയ്ക്ക് വിദ്യാർത്ഥികൾ വലിയൊരു ആശ്വാസമാകുകയായിരുന്നു അന്ന്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ കൂടി ലഭിച്ചതത്തോടെ അമ്പത്തിയാറായിരം രൂപയോളം സമാഹരിച്ചാണ് വിദ്യാർത്ഥികൾ കറവപശുവിനെ വാങ്ങി നൽകിയത്. ശാന്തയുടെ ഏഴിലും ആറിലും പഠിക്കുന്ന മക്കളായ നകുലനും നിവേദുമാണ് പശുവിന് അമ്മിണിക്കുട്ടിയെന്നു പേരിടുന്നത്.

അപ്രതീക്ഷിതമായി കുട്ടികളുടെ സംഘത്തെ വീട്ടുമുറ്റത്തു കണ്ടപ്പോൾ ശാന്തയ്ക്കു സന്തോഷം കൗതുകവും, പിന്നെ പറഞ്ഞാ തീരാത്ത നന്ദിയും… രണ്ടുകുട്ടികൾക്കും അമ്മയ്ക്കുമൊപ്പം ചേർക്കോട് ആദിവാസി കോളനിയിലെ കൊച്ചു വീട്ടിൽ താമസിക്കുന്ന ശാന്ത ഇന്ന് പ്രളയത്തിന്റെ ഓർമകളിൽ നിന്നും അതിജീവിച്ചു കഴിഞ്ഞു. ഇന്ന് ശരാശരി 22 ലിറ്റർ പാൽ സൊസൈറ്റിയിൽ കൊടുക്കാൻ ഇവർക്ക് കഴിയുന്നുണ്ട്. അതിജീവനത്തിന്റെ അനേകം മാതൃകകളിൽ ഒന്നായി തീർന്നിരിക്കുകയാണ് ഇന്ന് ഈ കുടുംബവും. കൽപ്പറ്റ ക്ഷീര വികസന വകുപ്പ് ഓഫീസർ വി.എസ് ഹർഷയുടെ നേതൃത്വത്തിലാണ് ഡോനേട്ട് എ കൗ കാമ്പയിനു തുടക്കം കുറിച്ചത്. പ്രളയത്തെ തുടർന്ന് ഏക ഉപജീവന മാർഗമായ വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് ഇതിനോടകം തന്നെ ഡോനേട്ട് എ കൗ കാമ്പയിൻ വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.

ശാന്തയോടും അമ്മിണിക്കുട്ടിയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും സന്തുഷ്ടരായിരുന്നു, മഹത്തായ ദൗത്യത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ… സംഘത്തോടൊപ്പം അധ്യാപകരായ ശുഭാങ്ക്, നവീൻ പോൾ, സുനിത ഇല്ലത്ത്, വി.എസ് ദീപ, വിദ്യാർത്ഥികളായ അജയ് വി.റജി, അഖിൽ പി.നാഥ്, എം.എസ് അഭിഷേക്, ആർദ്ര സുരേന്ദ്രൻ, അബിത മാത്യൂസ്, അജിന ഷെറിൻ എന്നിവരുണ്ടായിരുന്നു.