യോഗ്യരായിട്ടും ഹയർ സെക്കണ്ടറി കോഴ്‌സുകളിൽ പ്രവേശനം ലഭിക്കാതെ പോയ ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സ്‌പോട്ട് അഡ്മിഷൻ ക്യാമ്പുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ മൂന്നു താലൂക്കുകളിലുമായി ജൂലൈ 17 രാവിലെ 10 മുതൽ സ്‌പോട്ട് അഡ്മിഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. വൈത്തിരി താലൂക്കിൽ കൽപ്പറ്റ എസ്.കെ.എം.ജെ എ.ച്ച്.എസ്.എസ്സിലും സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ഗവ. സർവജന എച്ച്.എസ്.എസ്സിലും മാനന്തവാടി താലൂക്കിൽ മാനന്തവാടി ഗവ. വി.എ.ച്ച്.എസ്.എസ്സിസുമാണ് സ്‌പോട്ട് അഡ്മിഷൻ ക്യാമ്പ് നടക്കുക. യോഗ്യരായ മുഴുവൻ എസ്ടി വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുകയാണ് സ്‌പെഷ്യൽ ക്യാമ്പിന്റെ ലക്ഷ്യം. ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ സംയോജിത ആദിവാസി വികസന വകുപ്പ്, ജില്ലയിലെ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ എന്നിവരെ പങ്കെടുപ്പിച്ച് ചേർന്ന യോഗത്തെ തുടർന്നാണ് നടപടി.
ജൂലൈ 17ന് രാവിലെ 10 മുതൽ 11 വരെ കരിയർ ഗൈഡൻസ് വിദഗ്ധരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ കോഴ്‌സുകളിൽ അവബോധവും ഉന്നതവിദ്യാഭ്യാസ-തൊഴിൽ സാധ്യതയും പരിചയപ്പെടുത്തും. സ്‌കൂൾ, കോഴ്‌സ് എന്നിവ മാറ്റം ആവശ്യപ്പെടുന്നവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ വീട്ടിനു അടുത്തുള്ള സ്‌കൂളിൽ തന്നെ ഒഴിവുണ്ടെങ്കിൽ സീറ്റ് അവിടെത്തന്നെ ഉറപ്പാക്കും. അല്ലാത്ത പക്ഷം സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച് അഡിഷനൽ സീറ്റ് സൃഷ്ടിക്കുന്ന കാര്യവും പരിഗണിക്കും. ആദ്യം വരുന്ന മുറയ്ക്ക് വിദ്യാർത്ഥികൾക്ക് സീറ്റ് ഉറപ്പാക്കും. സ്‌പെഷ്യൽ ക്യാമ്പിന്റെ വിജയത്തിനായി മാനന്തവാടി ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാളിനെ ജില്ലാതല അക്കാഡമിക് കോർഡിനേറ്ററായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാതല അക്കാഡമിക് കോർഡിനേറ്റർ സ്‌കൂൾ പ്രിൻസിപ്പാൾമാർ നൽകുന്ന ഒഴിവുകളുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കണം. താലൂക്ക് തലത്തിൽ ഒരു പ്രിൻസിപ്പാൾ വീതം നോഡൽ പ്രിൻസിപ്പാൾമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ ജില്ലാ കളക്ടർക്ക് റിപോർട്ട് നൽകണം. വി.എച്ച്.എസ്.ഇ ഒഴിവുകളടക്കം മുഴുവൻ വിവരങ്ങളും അതാത് സ്‌കൂളുകളിലെ പ്രിൻസിപ്പാൾമാർ കോർഡിനേറ്റിങ് പ്രിൻസിപ്പാൾമാർക്ക് ലഭ്യമാക്കണം.
ജൂലൈ 17ന് തന്നെ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. ഇവ അന്നു തന്നെ അതാത് സ്‌കൂളുകൾക്ക് ഇ-മെയിലായി അയക്കും. കൂടാതെ വിവരം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിക്കുകയും ജൂലൈ 18, 19 തീയതികളിൽ അനുവദിച്ച സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ പ്രവേശനം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. സ്‌പെഷ്യൽ ക്യാമ്പ് വിജയിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരമാവധി വിദ്യാർത്ഥികളെ ക്യാമ്പിലെത്തിക്കാനുമാണ് തീരുമാനം.
സംയോജിത ആദിവാസി വികസന വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ യോഗ്യരായ 632 കുട്ടികൾക്കാണ് പ്ലസ് വൺ കോഴ്‌സിന് അഡ്മിഷൻ കിട്ടാനുള്ളത്. ജില്ലയിലെ എം.ആർ.എസ് സ്‌കൂളുകളിൽ മാനവിക വിഷയങ്ങളുടെ കോഴ്‌സിന്റെ ബാച്ച് വർദ്ധിപ്പിക്കാനും നിലവിൽ മതിയായ കെട്ടിട സൗകര്യമുള്ള കണിയാമ്പറ്റ എം.ആർ.എസ്സിൽ ഒരു ബാച്ചും നല്ലൂർനാട് എം.ആർ.എസ്സിൽ രണ്ട് ബാച്ചും അനുവദിച്ചു തരാൻ സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനമായി.