മികച്ച വിദ്യാഭ്യാസമാണ് നല്ല ജീവിതത്തെ രൂപപ്പെടുത്തുന്നതെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പട്ടം ഗേള്‍സ് സ്‌കൂളില്‍ നടന്ന കുടുംബശ്രീ ബാലസഭയുടെ ഗണിത വിസ്മയം സംസ്ഥാനതല സംഗമം സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമ്പത്തു കൊണ്ട് വാങ്ങാനാവുന്നതല്ല നല്ല വിദ്യാഭ്യാസം. വിദ്യാഭ്യാസ കാലമാണ് ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടം. വിദ്യാഭ്യാസകാലം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് ജീവിതത്തിലെ സന്തോഷത്തെ നിര്‍ണയിക്കുന്നത്. കുട്ടികളിലെ കഴിവ് ആദ്യം കണ്ടെത്തുന്നത് രക്ഷിതാക്കളും അദ്ധ്യാപകരുമാണ്.
കേരളത്തില്‍ ഇപ്പോള്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചിട്ടുണ്ട്. 1956 കാലഘട്ടത്തില്‍ 40 വയസായിരുന്നു ആയുര്‍ദൈര്‍ഘ്യം. ഇപ്പോള്‍ അത് 74 വയസായി. പണ്ടുകാലത്ത് ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുമായിരുന്നു. ഇന്ന് 60 വയസ് കഴിഞ്ഞെന്ന് പറയാന്‍ മടിയാണ്. നവതി ആഘോഷിക്കാമെന്ന ചിന്തയിലാണ് മലയാളികള്‍. 40 വയസ് ആയുര്‍ദൈര്‍ഘ്യം കണക്കാക്കിയിരുന്ന കാലത്ത് ജോലിയില്‍ നിന്ന് പിരിഞ്ഞാല്‍ വീട്ടില്‍ കൊണ്ടുചെന്നാക്കുമ്പോള്‍ സമ്മാനമായി നല്‍കിയിരുന്നത് ചാരുകസേരയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു. കെ. മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കൗണ്‍സിലര്‍ രമ്യ രമേശന്‍, സാമൂഹ്യവികസന പ്രോഗ്രാം ഓഫീസര്‍ അമൃത തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് ഗണിത വിസ്മയത്തില്‍ പങ്കെടുത്തത്.
 പി.എന്‍.എക്‌സ്.5564/17