പുന:സ്ഥാപിച്ചത് 18,042 വൈദ്യുതി കണക്ഷനുകള്‍
ജില്ലയിലെ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മിന്നല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വൈദ്യുതി വകുപ്പ്. മിഷന്‍ റീ കണക്ടിലൂടെ 18,042 വൈദ്യുതി കണക്ഷനുകള്‍ പുന:സ്ഥാപിച്ചു. ഇതിനായി 541.26 ലക്ഷം രൂപയാണ് ചിലവായത്. പുതിയ 35 ട്രാന്‍സ്‌ഫോമറുകളും, 1910 പോസ്റ്റുകളും സ്ഥാപിച്ചു.
ട്രാന്‍സ്‌ഫോര്‍മറുകള്‍ പുന:സ്ഥാപിക്കുന്നതിനായി 35 ലക്ഷം രൂപ, പോസ്റ്റുകള്‍ക്ക് 76.4 ലക്ഷം എന്നിങ്ങനെ വിനിയോഗിച്ചു. 118 കിലോമീറ്റര്‍ വൈദ്യുത ചാലകം 59 ലക്ഷം രൂപ ചിലവാക്കി പുനസ്ഥാപിച്ചു. ജില്ലയില്‍ ആകെയുണ്ടായ നഷ്ടം 711.66 ലക്ഷം രൂപയാണ്.
ദ്രുതകര്‍മസേനയ്ക്ക് രൂപം നല്‍കിയാണ് അതിവേഗത്തില്‍ തകരാറുകള്‍ പരിഹരിച്ചത്. കൊല്ലം, കൊട്ടാരക്കര സര്‍ക്കിളുകളുടെ പരിധിയിലുള്ള ആറ് ഡിവിഷനുകളിലെ 55 സെക്ഷനുകളിലും സേനയുടെ സേവനം ലഭ്യമാക്കി. മരങ്ങള്‍ കടപുഴകി ഉണ്ടായ തടസ്സങ്ങള്‍ മാറ്റുന്നതിനും പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം സഹായകമായി.
പുതിയ വൈദ്യുതി തൂണുകള്‍, ട്രാന്‍സ്‌ഫോമറുകള്‍, ലൈനുകള്‍ എന്നിവ യുദ്ധാകാലാടിസ്ഥാനത്തിലാണ് എത്തിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സമയബന്ധിതമായി വൈദ്യുതി വിതരണം നടത്താനുമായി.
പ്രളയക്കെടുതിയില്‍ ഉണ്ടായ വൈദ്യുതി തകരാര്‍ സംബന്ധമായി ലഭിച്ച പരാതികള്‍ അടിയന്തര പ്രാധാന്യത്തോട പരിഹരിക്കാന്‍ കഴിഞ്ഞെന്ന് കെ എസ് ഇ ബി കൊല്ലം സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ് പ്രസന്നകുമാരി പറഞ്ഞു. ആയിരത്തിലധികം കണക്ഷനുകള്‍ ദിവസങ്ങള്‍ക്കുള്ളിലാണ് തിരികെ നല്‍കിയത്.
വീടുകളിലെ ഇലക്ട്രിക്കല്‍ വയറിങ് പരിശോധിച്ച് അര്‍ഹരായവര്‍ക്ക് പകരം സംവിധാനം സൗജന്യമായി നല്‍കി. സര്‍ക്കിള്‍തലത്തില്‍ ദുരന്തനിവാരണസേന പുന:സംഘടിപ്പിച്ച് സുരക്ഷാ ഉപകരണങ്ങളും വാഹനവും അടിയന്തരഘട്ടങ്ങളില്‍ നേരിടാനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഡിവിഷന്‍ പരിധിയില്‍ ഉള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇടതടവില്ലാതെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കി.
വെള്ളം കയറിയ വീടുകളില്‍ സുരക്ഷിതമായി വൈദ്യുതി നല്‍കുന്നതിനായി ടി കെ എം കോളേജ് ഓഫ് എന്‍ജിനീയറിംഗ് ‘സിംഗിള്‍ പോയിന്റ് പ്രീ – വയേര്‍ഡ് സര്‍വീസ് കണക്ഷന്‍ ബോര്‍ഡ്’ സൗജന്യമായി വൈദ്യുതി ബോര്‍ഡിന് നല്‍കിയിരുന്നു. ഇവ പ്രളയബാധിത പ്രദേശങ്ങള്‍ കൂടുതലുള്ള ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്ക് കൈമാറി.
വൈദ്യുതി അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട നടപടികള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍, തുടങ്ങിയവയും ലഘുലേഖകള്‍ ആക്കി ജനങ്ങള്‍ക്ക് വിതരണം ചെയ്തു. സുരക്ഷാബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയുമാണ് എന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.