കാക്കനാട്: സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി വിവിധ സേവനദാതാക്കളുടെ സംയുക്ത യോഗം ചേർന്നു. ഗ്യാസ് പൈപ്പ് ലൈനുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. ഗ്യാസ് ലൈനുകൾക്ക് സമീപം ഏതെങ്കിലും സേവനദാതാക്കൾ നടത്തുന്ന പ്രവർത്തനങ്ങൾ പരസ്പരം അറിയുന്നതിനായി ഓൺ ലൈൻ കൂട്ടായ്മ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.

പൈപ്പ് ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകളും  കേടുപാടുകൾ സംഭവിച്ചാൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും യോഗത്തിൽ വിശദീകരിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ്, ആലുവ ഡിവൈഎസ്പി ജി. വേണു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അദാനി ഗ്യാസ് ലിമിറ്റഡ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.