തലചായ്ക്കാന്‍ ആകെ ഉണ്ടായിരുന്ന ചെറിയ ഷെഡിനെ പ്രളയം കവര്‍ന്നെടുക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ഭര്‍ത്താവിനും തന്റെ പിഞ്ചു കുട്ടികള്‍ക്കും ഒപ്പം
പ്രാണരക്ഷാര്‍ഥം ഓടുകയല്ലാതെ മറ്റു മാര്‍ഗമൊന്നും പ്രിയയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല. ഉടുത്തിരുന്ന വസ്ത്രവുമായി  പ്രളയത്തില്‍ നിന്നു രക്ഷപ്പെട്ട കുടുംബത്തിന് തങ്ങളുടെ  ചെറിയ ജീവിതത്തില്‍ സ്വരുക്കൂട്ടിയതൊന്നും തന്നെ തിരികെ ലഭിച്ചില്ല. മഹാപ്രളയം തങ്ങളുടെ ജീവിതത്തെ ബാധിച്ച സമയത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍  പ്രിയയുടെ ശബ്ദമിടറി.
പ്രളയം ഏറ്റവും ആദ്യം ബാധിച്ച പ്രദേശങ്ങളിലൊന്നായിരുന്നു പത്തനംതിട്ട ജില്ലയിലെ  കുറ്റൂര്‍ വില്ലേജ്. മണിമലയാറിന്റെ കരയിലുള്ള വീട്ടിലേക്ക് വെള്ളം കടന്നു വന്നത് വേഗമായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ജയലാലും മക്കളായ അജയ്, അഭയ് എന്നിവരുമായി ക്യാമ്പിലെത്തിയ പ്രിയ അഞ്ചു ദിവസത്തോളം അവിടെ കഴിഞ്ഞു.
പ്രളയത്തിനുശേഷം മടങ്ങിയ ഇവര്‍ക്ക് തങ്ങളുടെ താമസസ്ഥലമായ ഷെഡ് കാണാന്‍ സാധിച്ചില്ല. തല ചായക്കാനായുണ്ടായിരുന്ന ഷെഡും, വസ്ത്രങ്ങളും ഉപകരണങ്ങളും, മകന്റെ പാഠപുസ്തകങ്ങളും  പ്രളയത്തില്‍ നശിച്ചു പോയിരുന്നു. സര്‍വതും പ്രളയമെടുത്ത് ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് കൈത്താങ്ങായെത്തിയത്.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 95 100 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും രണ്ടു ഗഡുക്കളായി 1,52,450 രൂപയും ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നാലു ലക്ഷം രൂപയും മിച്ചം പിടിച്ച് സ്വരുകൂട്ടിയതും ബന്ധുക്കളുടെയും സുമനസുകളുടെയും സഹായം  ഉപയോഗിച്ച് നാലുമാസം കൊണ്ടാണ് പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഏപ്രിലില്‍ താമസം ആരംഭിച്ചത്.
രണ്ട്  കിടപ്പു മുറി, ഒരു ഹാള്‍, അടുക്കള, ശുചിമുറി, സിറ്റൗട്ട്  എന്നിവ അടങ്ങിയ വീടിന് 560 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കുറ്റൂര്‍ വില്ലേജിലെ നാലാം വാര്‍ഡില്‍ ഐക്കരപ്പറമ്പില്‍ എന്ന പേരുള്ള തന്റെ പുതിയ കെട്ടുറപ്പുള്ള വീട്ടിലിരുന്ന് കഴിഞ്ഞ പ്രളയകാലത്തെ ഓര്‍ക്കുന്നതോടൊപ്പം കര്‍ക്കടക മഴയും ആസ്വദിക്കുകയാണ് പ്രിയയും കുടുംബവും.