കുളമ്പ്‌രോഗ പ്രതിരോധത്തിന്റെ 26-ാം ഘട്ടത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം തില്ലേരി സെയിന്റ് ഫ്രാന്‍സിസ് അസീസി ആശ്രമത്തില്‍ എം മുകേഷ് എം എല്‍ എ നിര്‍വഹിച്ചു. കാലിവളര്‍ത്തലും നെല്‍കൃഷിയുമൊക്കെ പുതുതലമുറ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

മൂന്ന് ആഴ്ച്ച നീളുന്ന യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പശു, എരുമ, പന്നി എന്നീ മൃഗങ്ങള്‍ക്കെല്ലാം പ്രതിരോധ കുത്തിവയ്പ്പ് നടത്തി തിരിച്ചറിയല്‍ ടാഗും പതിപ്പിക്കും. 140 സ്‌ക്വാഡുകളാണ് വീടുകള്‍ സന്ദര്‍ശിക്കുക. ഒരു കാലിക്ക് 10 രൂപ നിരക്കിലാണ് മരുന്ന് നല്‍കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡോളിമോള്‍ പി. ജോര്‍ജ്ജ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ കെ തോമസ്, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബി അജിത്ത്ബാബു, ആശ്രമം സുപ്പീരിയര്‍ ഫാദര്‍ സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിയമാനുസൃതമുള്ള കുളമ്പ് രോഗപ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ കാലികളെ വളര്‍ത്തുന്നവര്‍ തയ്യാറാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് കോ-ഓര്‍ഡിനേറ്ററുടെ 9446096855, 6282676598, 9847136387 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.