ജില്ലയിൽ പ്ലസ് വൺ സ്‌പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടിയത് 439 ആദിവാസി വിദ്യാർഥികൾ. വൈത്തിരി താലൂക്കിൽ 172, മാനന്തവാടി താലൂക്കിൽ 136, സുൽത്താൻ ബത്തേരി താലൂക്കിൽ 131 എന്നിങ്ങനെയാണ് പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം. വൈത്തിരി താലൂക്കിലെ വിദ്യാർഥികൾക്കായി കൽപറ്റ എസ്‌കെഎംജെ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന സ്‌പോട്ട് അഡ്മിഷനിൽ 188 പേർ പങ്കെടുത്തു.

ഇതിൽ 17 പേർ സയൻസ് ഗ്രൂപ്പും 56 പേർ ഹ്യുമാനിറ്റീസും തിരഞ്ഞെടുത്തു. 75 വിദ്യാർഥികൾ കൊമേഴ്‌സിലും 24 കുട്ടികൾ വിഎച്ച്എസ്ഇയിലും പ്രവേശനം നേടി. സുൽത്താൻ ബത്തേരി താലൂക്കിലെ വിദ്യാർഥികൾക്കായി സർവജന ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന അഡ്മിഷനിൽ 322 വിദ്യാർഥികൾ പങ്കെടുത്തു. കൊമേഴ്‌സ്- 40, ഹ്യുമാനിറ്റീസ്- 77, സയൻസ്- 3, വിഎച്ച്എസ്ഇ- 11 വിദ്യാർഥികൾ തിരഞ്ഞെടുത്തു.

മാനന്തവാടി താലൂക്കിലെ വിദ്യാർഥികൾക്കായി മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന അഡ്മിഷനിൽ 159 പേർ പങ്കെടുത്തു. ഹ്യുമാനിറ്റീസ്- 74, കൊമേഴ്‌സ്- 59, സയൻസ്- 3 പേർ തിരഞ്ഞെടുത്തു. സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരം സ്‌കൂളുകളിൽ നിലവിലുള്ള സീറ്റുകൾ വർധിപ്പിച്ചുകൊണ്ടാണ് വിദ്യാർഥികൾക്ക് പ്രവേശനം നൽകിയിട്ടുള്ളത്.