ശബരിമല: മണ്ഡലപൂജ കഴിഞ്ഞ് മൂന്നുദിവസമായി അടഞ്ഞുകിടന്ന നട ഇന്നലെ(30ന്) തുറന്നതോടെ ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു. രാവിലെ 7.30 മുതല്‍ ഭക്തര്‍ നടപ്പന്തലിലേയ്ക്ക് എത്തി തുടങ്ങി. നേരത്തെ എത്തിയവരെ നടപ്പന്തലില്‍ ഇരുത്തി ബിസ്‌ക്കറ്റും വെള്ളവും നല്‍കി. തിരക്ക് വര്‍ധിച്ചതനുസരിച്ച് പലഭാഗങ്ങളിലായി പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.
  വൈകീട്ട് അഞ്ചുമണിയോടെ തന്ത്രി കണ്ഠരര് മഹേഷ്‌മോഹനരും മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും പരിവാരങ്ങളും കന്നിമൂല ഗണപതികോവില്‍, നാഗരാജാകോവില്‍ എന്നിവിടങ്ങളിലെത്തിയ ശേഷം ക്ഷേത്രത്തിന് വടക്കുവശത്തുകൂടി കൊടിമരം ചുറ്റി സന്നിധാനത്ത് പ്രവേശിച്ച് ശ്രീകോവില്‍ തുറന്നു. അപ്പോള്‍ ശ്രീകോവില്‍ നട തുറന്നു എന്ന ഗാനം ആലാപനം തുടങ്ങി. തുടര്‍ന്ന് ദീപം തെളിയിച്ചശേഷം ഗണപതികോവില്‍, നാഗരാജാകോവില്‍ എന്നിവ തുറന്ന് ദീപം തെളിയിച്ചു. മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ശരണംവിളികളുടെ പശ്ചാത്തലത്തില്‍ ആഴി തെളിയിച്ചു. അതോടെ ദര്‍ശനത്തിന് കാത്തുനിന്ന ഭക്തജനങ്ങള്‍ പടിയിറങ്ങി ദര്‍ശനം നടത്തി. ദീപാരാധനയോ, ചടങ്ങുകളോ ഇന്നലെ നടന്നില്ല. മൂന്നുദിവസമായി ഉറങ്ങിക്കിടന്ന സന്നിധാനവും പരിസരവും ഭക്തജനപ്രവാഹത്താല്‍ വീണ്ടും സജീവമായി. അടഞ്ഞുകിടന്ന കടകള്‍ ഇന്നലെ രാവിലെ മുതല്‍ തുറന്ന് തുടങ്ങി. വൈകീട്ട് നടപ്പന്തലിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ പെരുമ്പാവൂര്‍ ശിവശക്തി അവതരിപ്പിച്ച ഭക്തിഗാനഗംഗ ഉത്സവാന്തരീക്ഷം ഉണര്‍ത്തി.