പാലുത്പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കണമെങ്കില്‍ ഉത്പ്പാദനം കൂട്ടുക മാത്രമല്ല പശുക്കളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാക്കണമെന്ന് വനം-വന്യജീവി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും 4.7 ലക്ഷം ലിറ്റര്‍ പാലാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ നിലവില്‍ ഒരു ലക്ഷം ലിറ്റര്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകളിലൂടേയാണ് നേട്ടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കന്നുകാലി പ്രജനന നയത്തിന്റെ ഭാഗമായി കര്‍ഷകരുമായി നേരിട്ട് ബന്ധപ്പെടുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ധോണി ഫാമില്‍ നടന്ന പരിശീലനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയായി.

കന്നുകാലി പ്രജനന നയത്തിന്റെ ഭാഗമായി പരിശീലകര്‍ക്കുള്ള ഏകദിന പരിശീലനം വനം-വന്യജീവി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു.

2008 ലെ കന്നുകാലി സെന്‍സസും 2013 ലെ സെന്‍സസും താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനം കന്നുകാലികളുടെ കുറവാണ് പ്രകടമായത്. എന്നാല്‍ 2018ലെ സെന്‍സസില്‍ കന്നുകാലികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുള്ളതായി കാണുന്നുണ്ട്. ക്ഷീരവികസനം, മൃഗസംരക്ഷണം, ലൈവ്‌സ്റ്റോക് ഡെവലപ്‌മെന്റ്, മില്‍മ എന്നീ വകുപ്പുകള്‍ സംയോജിച്ച് പ്രവര്‍ത്തിച്ചാല്‍ മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയില്‍ കാതലായ മാറ്റങ്ങളുണ്ടാകും. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ശരാശരി പാലുത്പ്പാദനത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. 10.5 ലിറ്ററാണ് കേരളത്തിന്റെ ശരാശരി പാലുത്പ്പാദനം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണി വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമ്പോള്‍വിലയിടിവുണ്ടാകാതെ പിടിച്ചു നില്‍ക്കുന്ന ഉത്പന്നമാണ് പാല്‍. സംസ്ഥാനത്തെ അഞ്ചു ലക്ഷത്തോളം ക്ഷീരകര്‍ഷകരുടെ ഉപജീവനമാര്‍ഗമായ പശുവളര്‍ത്തലിന് ആവശ്യമായ സഹായങ്ങള്‍ നല്‍കി ക്ഷീരകര്‍ഷകരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി കെ.രാജു പറഞ്ഞു.

കന്നുകാലി പ്രജനന നയത്തിന്റെ ഭാഗമായി പരിശീലകര്‍ക്കുള്ള ഏകദിന പരിശീലനത്തില്‍ കന്നുകാലി പ്രജനന നയരേഖയും പരിശീലകര്‍ക്കുള്ള മാര്‍ഗരേഖയും വനംവന്യജീവി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പു മന്ത്രി കെ.രാജു പ്രകാശനം ചെയ്യുന്നു.

കന്നുകാലി പ്രജനന നയം രൂപീകരിക്കുമ്പോള്‍ കാലാവസ്ഥ, സാമൂഹിക, സാമ്പത്തിക മാറ്റങ്ങള്‍, വിഭവ ലഭ്യതയിലുള്ള വ്യതിയാനം എന്നിവ കണക്കിലെടുക്കണം. ഇതിനനുസരിച്ച് പത്ത് വര്‍ഷം മുന്‍പുള്ള കന്നുകാലി പ്രജനന നയത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ നയം രീപീകരിച്ചിരിക്കുന്നത്.
കന്നുകാലി പ്രജനന നയത്തിന്റെ ഫലമായി കേരളത്തില്‍ നിലവിലുള്ളത് 94 ശതമാനത്തോളം സങ്കരയിനം പശുക്കളാണ്. ഇതിന്റെ ഫലമായി പാലുത്പാദനത്തില്‍ ഏറെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു വര്‍ഷത്തിനകം പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. പ്രളയതിരിച്ചടി ഉണ്ടായിരുന്നില്ലെങ്കില്‍ ലക്ഷ്യം കൈവരിച്ചിട്ടുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലി പ്രജനന നയരേഖ, പ്രജനന നയത്തെക്കുറിച്ചും ക്രിത്രിമ ബീജധാനത്തെക്കുറിച്ചും പരിശീലകര്‍ക്കുള്ള മാര്‍ഗരേഖ എന്നിവ പരിപാടിയില്‍ മന്ത്രി പ്രകാശനം ചെയ്തു.

ജില്ലയില്‍ വിതരണം ചെയ്ത ഗിര്‍ പശുക്കളെ നല്ലരീതിയില്‍ പരിപാലിക്കുന്ന കര്‍ഷകരെ വനംവന്യജീവി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പു മന്ത്രി കെ.രാജു ആദരിക്കുന്നു.

2018ലെ കന്നുകാലി പ്രജനന നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കന്നുകാലി പ്രജനന പരിപാടികളെക്കുറിച്ചും ക്രിത്രിമ ബീജദാനത്തെക്കുറിച്ചുമുള്ള സാങ്കേതിക വിവരങ്ങള്‍ കര്‍ഷകരിലെത്തിക്കുന്നതിനായാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം സംഘടിപ്പിച്ചത്. മൃഗസംരക്ഷണ വകുപ്പിലെ ലൈവ്‌സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാര്‍, ക്ഷീരവികസന വകുപ്പിലെ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാര്‍, മില്‍ക് യൂണിയനുകളിലെ പി ആന്റ് ഐ സൂപ്പര്‍വൈസര്‍മാര്‍, വില്ലേജ് റിസോവ്‌സ് പേഴ്‌സണ്‍ എന്നിവര്‍ക്കായാണ് ശില്‍പശാല സംഘടിപ്പിച്ചത്. സംസ്ഥാനതലത്തില്‍ ഏഴു ഘട്ടമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് ജില്ലയില്‍ നടത്തുന്നത്. പരിശീലനത്തില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലെ പരിശീലകരാണ് പങ്കെടുത്തത്.
പരിപാടിയില്‍ ജില്ലയില്‍ ലിംഗനിര്‍ണയം നടത്തിയ ബീജമാത്രകള്‍ ഉപയോഗിച്ച് പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും ജില്ലയില്‍ വിതരണം ചെയ്ത 100 ഗിര്‍ പശുക്കളെ നല്ലരീതിയില്‍ പരിപാലിക്കുന്ന കര്‍ഷകര്‍ക്കും തീറ്റപ്പുല്ലിനായി മാതൃകാ കൃഷിത്തോട്ടം ഉണ്ടാക്കി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും ധനസഹായം വിതരണം ചെയ്തു. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ.പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.ബിന്ദു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ജഹസര്‍, കെ.എല്‍.ഡി.ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ജോസ് ജെയിംസ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.പി.സി.സുനില്‍കുമാര്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എസ്.ശ്രീകുമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.