അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആനുകൂല്യം ലഭ്യമാക്കും: മന്ത്രി കെ. രാജു
പ്രളയത്തിനിരയായ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും അര്‍ഹമായ എല്ലാ ആനുകൂല്യവും ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രളയാനന്തര ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തിരുവല്ല സെന്റ് ജോണ്‍സ് മെട്രോപൊളിറ്റന്‍  കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം പൊതുജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കാനാണ് കൃത്യമായ പരിശോധന നടത്തുന്നത്. അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭിച്ചില്ലെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കും.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാരിനു ലഭിച്ച ധനസഹായം സുതാര്യമായാണ് ചെലവഴിക്കുന്നത്.  ജില്ലയില്‍ വീടുകളുടെ പുനര്‍ നിര്‍മാണത്തിനു മാത്രം ഗുണഭോക്താക്കള്‍ക്കു  നല്‍കിയത് 63.25 കോടി രൂപയാണ്. മൂന്നാംഘട്ടത്തില്‍ അപ്പീല്‍ നല്‍കിയവരുടെ അപേക്ഷകള്‍ പരിശോധിച്ച് ഓഗസ്റ്റ് മാസം ധനസഹായം ലഭ്യമാക്കും.
കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി ജനങ്ങള്‍ കൈ അയച്ചു സംഭാവനകള്‍ നല്‍കി. കേരളത്തിലും വിദേശത്തുമുള്ള മലയാളികള്‍ ഇക്കാര്യത്തില്‍ മികച്ച പിന്തുണ നല്‍കി. എന്നാല്‍, പ്രതീക്ഷിച്ച ചില സ്ഥലങ്ങളില്‍ നിന്നും വേണ്ടത്ര ധനസഹായം ലഭിച്ചില്ല. പത്തനംതിട്ട ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ മികച്ച നിലയില്‍ പൊതുമരാമത്ത് നിരത്തു വിഭാഗം പുനര്‍നിര്‍മിച്ചു കഴിഞ്ഞു.
പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ പണം അനുവദിക്കും. പ്രളയാനന്തര പുനര്‍നിര്‍മാണം സംസ്ഥാനത്ത് അതിവേഗത്തിലാണ് നടന്നു വരുന്നത്. പ്രളയത്തില്‍ ഏറ്റവും അധികം നാശനഷ്ടം ഉണ്ടായ ജില്ലകളില്‍ ഒന്നാണ് പത്തനംതിട്ട. ജില്ലയില്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു മികച്ച നിലയില്‍ നടപ്പാക്കി വരുകയാണ്. പ്രളയാനന്തര പുനര്‍നിര്‍മാണം സംബന്ധിച്ച് ആശയവ്യക്തത നല്‍കുന്നതിനാണ് പൊതുജനസംഗമം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
വീട് നിര്‍മിക്കുന്നതിന് ഭൂമി നല്‍കിയവരെയും ഭവനം സ്പോണ്‍സര്‍ ചെയ്തവരെയും മന്ത്രി കെ. രാജുവും ജനപ്രതിനിധികളും ചേര്‍ന്ന് ആദരിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ മന്ത്രി കെ. രാജുവും ജനപ്രതിനിധികളും ചേര്‍ന്ന് കൈമാറി. പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് നല്‍കിയ ഇലക്ട്രിക് സാധനങ്ങളുടെ കിറ്റ് കമ്പനി ജനറല്‍ മാനേജര്‍ ലിക്‌സണ്‍ ജോസഫില്‍ നിന്നും മന്ത്രി കെ.രാജു ഏറ്റുവാങ്ങി.
പ്രളയത്തില്‍ വീട് തകര്‍ന്ന 2000 പേര്‍ക്ക് 7000 രൂപ വിലമതിക്കുന്ന ഇലക്ട്രിക് സാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ സഹായം ലഭിച്ച ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ജില്ലാ കളക്ടറുടെ വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. സിംഗപ്പൂരില്‍ നടന്ന മാസ്റ്റേഴ്സ് മീറ്റില്‍ ഷോട്ട് പുട്ട്, ഡിസ്‌ക്കസ് ത്രോ എന്നീ ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയ കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരി കെ പി ലാലിയെ മന്ത്രി ആദരിച്ചു.