കൊച്ചി: കാലാനുസരണം ആരോഗ്യകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഈറ്റില്ലമാണ് ഗ്രന്ഥശാലകളെന്ന് പ്രൊഫ. എം.കെ സാനു പറഞ്ഞു. മഹാനഗരം കൊടും കാടിന് തുല്യമാണ്. വലിയ നഗരത്തിലെ ദുർന്നടപ്പുകൾക്ക് എതിരെ പോരാടണം. അതിന് ഊർജ്ജസ്വലമായ ചിന്തകൾ നൽകാൻ ഗ്രന്ഥശാലകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈബി ഈഡൻ എം പിയും സാനു മാഷും ചേർന്ന് ശതോത്തര സുവർണ ജൂബിലി നവ മന്ദിരത്തിന്റെ മാതൃക അനാഛേദം ചെയ്തു . നിർമാണ പ്രവർത്തനങ്ങൾക്കുള്ള ആദ്യ സംഭാവന ജസ്റ്റിസ് കെ സുകുമാരൻ എറണാകുളം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എസ് രമേശന് കൈമാറി. ശതോത്തര സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ പ്രകാശനം ജോൺ ഫെർണാണ്ടസ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെയും നവമന്ദിര നിർമ്മാണത്തിന്റെയും സംഘാടക സമിതി രൂപീകരിച്ചു
എറണാകുളം പബ്ലിക് ലൈബ്രറിയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തി തി സാംസ്കാരിക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ശതോത്തര ജൂബിലി വർഷത്തിൽ ഏറ്റവും വലിയ ഡിജിറ്റൽ റഫറൻസ് ലൈബ്രറിയും ആക്കി മാറ്റും. കൂടാതെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് റീഡേഴ്സ് ഫോറം, നഗരത്തിലെ മുഴുവൻ കലാലയങ്ങളെയും ഉൾപ്പെടുത്തി സാഹിത്യോത്സവം, കലോത്സവം തുടങ്ങിയവ സംഘടിപ്പിക്കും. പ്രമുഖ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും സഹകരണത്തോടെ പ്രകൃതി, നിയമം, സാഹിത്യം, ആരോഗ്യം, സാമ്പത്തികം, ലൈംഗിക വിദ്യാഭ്യാസം എന്നീ മേഖലകളിൽ സാക്ഷരതാ പ്രവർത്തനം നടത്തും.
സാഹിത്യം, സംസ്കാരം, വായന, മാധ്യമം, നഗരചരിത്രം, സിനിമ ,കായികം, സഹകരണം, കല തുടങ്ങിയ വിവിധ വിഷയങ്ങളിൽ സംവാദങ്ങളും ചർച്ചകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കും. ലൈബ്രറി സയൻസ് കോഴ്സും വിദേശഭാഷാ കോഴ്സും ആരംഭിക്കും. നിർമാണപ്രവർത്തനങ്ങൾക്കായി ലൈബ്രറി ബഡ്ജറ്റിലെ 10 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
പബ്ലിക് ലൈബ്രറി പ്രസിഡൻറ് എസ് രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പബ്ലിക് ലൈബ്രറി സെക്രട്ടറി എസ്. കൃഷ്ണമൂർത്തി, അഡ്വ. വി.കെ. പ്രസാദ് , പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് അശോക് എം ചെറിയാൻ, ജനപ്രതിനിധികൾ , ലൈബ്രറി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.