മൂവാറ്റുപുഴ: സ്വാർത്ഥ താൽപര്യങ്ങളാണ് മനുഷ്യർ രോഗികളാകാൻ പ്രധാന കാരണമെന്ന് ഹൈകോടതി ജസ്റ്റീസ് മേരി ജോസഫ് അഭിപ്രായപ്പെട്ടു. കിടപ്പു രോഗികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രോഗീ – ബന്ധു സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന മാലിന്യങ്ങൾ മനുഷ്യർ ഉപയോഗിക്കുകയോ ഉപയോഗ ശേഷം വലിച്ചെറിയുകയോ ചെയ്യുകയാണ്. ഇത് ഭക്ഷിക്കുകയും കുടിക്കുകയും ശ്വസിക്കുകയും ചെയ്യുക വഴി മനുഷ്യർ രോഗികളായി മാറുന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികളും പൊതു പ്രവർത്തകരും കൂട്ടായ ഇടപെടൽ നടത്തിയില്ലെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ മാരക രോഗങ്ങൾ നമുക്കിടയിൽ പനി പോലെ പടർന്ന് പിടിക്കും. കിടപ്പു രോഗികൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരല്ലെന്നും അവരെ സമുഹത്തോടൊപ്പം ചേർത്ത് നടത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസിജോളി വട്ടക്കുഴി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നീറ്റ് പരീക്ഷയിൽ 1294 റാങ്ക് നേടിയ കിടപ്പു രോഗിയായ ആൽവിൻ ജോസഫിന് ജ: മേരി ജോസഫ് ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്ട് ഫുഡ് കിറ്റ് വിതരണോദ്ഘാടനവും എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ: മാത്യൂസ് നമ്പേലി മുഖ്യ പ്രഭാഷണവും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വള്ളമറ്റം കുഞ്ഞ് ,ലതാ ശിവൻ, ആലീസ്.കെ.ഏലിയാസ്, ഷീന സണ്ണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസി ജോളി, ഒ.പി. ബേബി, ജാൻസി ജോർജ്, അഡ്വ.ചിന്നമ്മ ഷൈൻ, പായിപ്ര കൃ ഷണൻ, ബാബു ഐസക്, ഒ.സി.ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. പണ്ടപ്പിള്ളി സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ: ആൻസിലി ഐസക് സ്വാഗതവും ബി.ഡി.ഒ എം.എസ്. സഹിത നന്ദിയും പറഞ്ഞു.

പൊതുസമ്മേളനാനന്തരം കിടപ്പു രോഗികളുടെ ഗാനമേള അരങ്ങേറി. കിടപ്പു രോഗികളുടെ മാനസീക – ശാരീരിക പ്രയാസങ്ങൾ മനസിലാക്കി അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്തും പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്. കിടപ്പു രോഗികൾക്ക് അവരുടെ വീടുകളിൽ തന്നെ മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തിൽ പ്രാഥമിക സാന്ത്വന പരിചരണ പരിപാടിയും ബ്ലോക്ക് തലത്തിൽ വിദഗ്ധ സാന്ത്വന പരിപാടിയും നടപ്പാക്കുന്നുണ്ട്. ബ്ലോക്കിന് കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള കിടപ്പ് രോഗികളും അവരുടെ ബന്ധുക്കളുമാണ് പരിപാടിക്കെത്തിയത്. ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.