* മകരവിളക്ക് മുന്നൊരുക്ക അവലോകന യോഗം ചേർന്നു
ശബരിമല മകരവിളക്ക് മഹോത്‌സവുമായി ബന്ധപ്പെട്ട് ഇത്തവണ കൂടുതൽ ഭക്തജനങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കൂടുതൽ ജാഗ്രതയോടെ ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ശബരിമല മകരവിളക്ക് മഹോത്‌സവത്തിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു നിർദേശം.
സന്നിധാനത്ത് മകരവിളക്ക് മുന്നോടിയായി 13, 14, 15 തീയതികളിൽ ഓരോ വകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ തീരുമാനങ്ങൾ എടുക്കാൻ ഉത്തരവാദിത്തപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രി നിർദേശം നൽകി.
ഓരോ വകുപ്പുകളും നടത്തിയ മുന്നൊരുക്കങ്ങളും മുഖ്യമന്ത്രി വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.
പുല്ലുമേട്, ഉപ്പുപാറ, പാഞ്ചാലിമേട്, പരുന്തൻപാറ തുടങ്ങിയ മേഖലകളിൽ ബാരിക്കേഡുകൾ ശക്തമാക്കണമെന്നും മകരവിളക്ക് വീക്ഷിക്കാനെത്തുന്ന ഭക്തർക്ക് സൗകര്യാർഥം എല്ലായിടത്തും ലൈറ്റുകൾ ഉറപ്പാക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സുരക്ഷ ശക്തമാക്കുന്നതിനായി ആവശ്യമായ ഒരുക്കങ്ങൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉറപ്പാക്കിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ ബാരിക്കേഡ് ഏർപ്പെടുത്താൻ നടപടിയെടുത്തിട്ടുണ്ട്. സന്നിധാനത്ത് മകരവിളക്കിനോടനുബന്ധിച്ച് കൂടുതൽ പോലീസുകാരെ വിന്യസിക്കുന്നുണ്ട്.
കുടിവെള്ള ലഭ്യത കൃത്യമായി ഉറപ്പാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ചൂടുവെള്ളം ഉൾപ്പെടെ കുടിവെള്ളവും ആവശ്യമായ ജലവിതരണസൗകര്യവുമുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ മകരവിളക്കിന് മുന്നോടിയായി സജ്ജമാണ്.
കെ.എസ്.ആർ.ടി.സി മകരവിളക്ക് കഴിഞ്ഞാലുടൻ പമ്പയിൽ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ പമ്പ-നിലയ്ക്കൽ റൂട്ടിൽ ചെയിനായി സർവീസുകൾ ക്രമീകരിക്കും. ഇതിനായി പോലീസ് ഉൾപ്പെടെയുള്ള വകുപ്പുകളുമായി ഏകോപിപ്പിച്ച് തിരക്ക് കുറയ്ക്കാൻ നടപടികളുണ്ടാകും.
ആവശ്യമായ മേഖലകളിൽ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാനും അറ്റകുറ്റപണിക്കും നടപടിയായതായി വൈദ്യുതി വകുപ്പ് അറിയിച്ചു. കൂടുതലായി, ആവശ്യമായി വരുന്ന സാഹചര്യമുണ്ടായാൽ ഉപയോഗിക്കാൻ അധികമായി ലൈറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്.
നിർദേശാനുസരണമുള്ള സ്ഥലങ്ങളിൽ ബാരിക്കേഡിംഗിന് നടപടിയായതായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മകരവിളക്കിന് മുന്നോടിയായി ആവശ്യമായ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ളവ കൈക്കൊണ്ടതായി പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. മകരവിളക്കിന്റെ എട്ട് പ്രധാനപ്പെട്ട വ്യൂപോയൻറുകളിൽ പരിശോധന നടത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആവശ്യമായ റവന്യൂ ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിൽ നിയമിച്ചിട്ടുണ്ട്. ഇവർക്ക് 11ന് പരിശീലനവും നൽകും. ഏമർജൻസി ഓപ്പറേഷൻ സെൻററുകൾ സജ്ജമാക്കിയതായി ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
ദേവസ്വം ബോർഡ്, ഫയർഫോഴ്‌സ്, ആരോഗ്യം, വനം തുടങ്ങി വിവിധ വകുപ്പുകളും അനുബന്ധ ഏജൻസികളും തങ്ങളുടെ ക്രമീകരണങ്ങൾ വിശദീകരിച്ചു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഡോ. തോമസ് ഐസക്, മാത്യൂ ടി. തോമസ്, ജി. സുധാകരൻ, എം.എം. മണി, ഡോ. കെ.ടി.ജലീൽ, പി. തിലോത്തമൻ, കെ. രാജു, ചീഫ് സെക്രട്ടറി പോൾ ആൻറണി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ ചിറ്റയം ഗോപകുമാർ, പി.സി.ജോർജ്, ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ, അംഗം കെ.പി. ശങ്കരദാസ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ച് നിർദേശങ്ങൾ അറിയിച്ചു.