ആലുവ: കുടുംബശ്രീയുടെ സംഘകൃഷി ക്യാമ്പയിൻ സമൃദ്ധിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി എസ്. സുനിൽ കുമാർ നിർവഹിച്ചു. കൃഷി വകുപ്പുമായി യോജിച്ച് കുടുംബശ്രീ കാർഷിക പദ്ധതികൾ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കുടുംബശ്രീ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളൊന്നും പാഴായിട്ടില്ല. എല്ലാം വിജയിച്ച ചരിത്രമാണാണുള്ളത്. നഷ്ടപ്പെട്ടു പോയ കാർഷിക സംസ്കാരം ജനങ്ങൾ ഏറ്റെടുക്കണം. കേരളത്തിൽ കൃഷി ചെയ്യാൻ വലിയ തോട്ടങ്ങളില്ല. ചെറിയ പ്ലോട്ടുകളാണുള്ളത്. ഇവിടെയാണ് ഗ്രൂപ്പ് കൃഷിക്ക് പ്രസക്തിയേറുന്നത്. കുടുംബശ്രീക്ക് ഇവിടെ കൂടുതൽ ചെയ്യാൻ കഴിയും. കൃഷിവകുപ്പുമായി ചേർന്ന് വേണം കുടുംബശ്രീ കൃഷികൾ ചെയ്യാൻ. കൃഷി വകുപ്പും കുടുംബശ്രീയും സമന്വയിച്ചു കൊണ്ടു പോകണം. വിള ഇൻഷൂറൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർബന്ധമായും കർഷകർ അംഗങ്ങളാകണമെന്നും മന്ത്രി പറഞ്ഞു.
വിത്തിന്റെയും തൈകളുടെയും ഗുണമേന്മ ഉറപ്പു വരുത്താൻ സർക്കാർ നടപടികൾ കൈകൊള്ളുകയാണ്. ഗുണമേന്മയുള്ള വിത്ത് നൽകുന്ന നഴ്സറികൾക്കു മാത്രം ലൈസൻസ് നൽകൂവെന്ന നിബന്ധനകൾ സർക്കാർ മുന്നോട്ടുവച്ചു കഴിഞ്ഞു.

കേരളം കൃഷിയിൽ ഉപഭോക്ത സംസ്ഥാനമാണ്. 20 ലക്ഷം ടൺ പച്ചക്കറി ഉപയോഗിക്കുന്ന നമ്മൾ ഉല്പാദിപ്പിച്ചിരുന്നത് ഏഴേകാൽ ലക്ഷം പച്ചക്കറി മാത്രമാണ്. ആവശ്യത്തിന്റെ നാലിലൊന്ന് മാത്രം. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് സമഗ്ര പച്ചക്കറി ഉല്പാദക പദ്ധതികൾ വഴി പച്ചക്കറി ഉല്പാദനം പന്ത്രണ്ടര ലക്ഷം ടൺ ആയി വർധിപ്പിച്ചു. ഈ വർഷം പതിനാലര ലക്ഷമായി വർധിപ്പിക്കുകയാണ് ലക്ഷ്യം. നെല്ലിന്റെ ഉല്പാദനത്തിൽ വലിയ മുന്നേറ്റമുണ്ടായി. നെല്ല് ഉല്പാദനം മൂന്ന് ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞു. നെൽകൃഷി പോലുള്ള കൃഷികൾ ചെയ്തില്ലെങ്കിൽ നമ്മുടെ നാടും മദ്രാസ് പോലെ കുടിവെള്ള മില്ലാതെ വലയുന്ന അവസ്ഥയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.