പെരുമ്പാവൂർ: നൂതന പദ്ധതികൾ വിജയകരമായി നടപ്പിലാക്കി മാതൃകയായ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ അഭിനന്ദനം. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നടപ്പിലാക്കിയ പുതിയ പദ്ധതികൾ മനസിലാക്കാൻ ബ്ലോക്ക് സന്ദർശിച്ച സംസ്ഥാന ആസുത്രണ ബോർഡ് അംഗം ഡോ.കെ.എൻ.ഹരിലാൽ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരെയും ജനപ്രതിനിധികളെയും പ്രശംസിച്ചു.
മറ്റ് ബ്ലോക്ക് പഞ്ചായത്തുകളെയപേക്ഷിച്ച് വ്യത്യസ്തവും നൂതനവുമായ പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയ കൂവപ്പടി ബ്ലോക്ക് ശരാശരിയിലും ഉയർന്ന പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ. ഹരിലാൽ കെ.എൻ അവലോകന യോഗത്തിൽ അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്തിൽ നടന്ന അവലോകന യോഗത്തിന് ശേഷം അദ്ദേഹം ഇക്കോ ടൂറിസം കേന്ദ്രമായ കോടനാട് അഭയാരണ്യം സന്ദർശിച്ചു.
സംസ്ഥാനത്ത് ആദ്യമായിആനപ്പിണ്ടത്തിൽ നിന്ന് ജൈവവളവും
മൃഗങ്ങളുടെ വിസർജ്യത്തിൽ നിന്ന് പാചകഗ്യാസും ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയായ ഗോബർധൻ പദ്ധതിയെ കുറിച്ച് വിശദമായി മനസിലാക്കാനായിരുന്നു അഭയാരണ്യത്തിലെത്തിയത്. ഹരിത കേരളം മിഷന്റെ പാരിസ്ഥിതിക സുരക്ഷയും ശാസ്ത്രീയ മാലിന്യ സംസ്കരണവും ലക്ഷ്യമിട്ടു കൊണ്ടാണ് അഭയാരണ്യം ശുചിത്വ പദ്ധതിയായ ഗോബർധൻ, 2018-19 വാർഷിക പദ്ധതിയിൽഉൾപ്പെടുത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ പദ്ധതി വിഹിതവും തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച് റെയിൻ ഷെൽട്ടർ കം ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തോടെ ആരംഭിച്ച നഴ്സറിയും അദ്ദേഹം സന്ദർശിച്ചു. വിത്തുകൾ വാങ്ങി ബാഗിൽ മണ്ണ് നിറച്ച് ഇവിടെ ഉത്പാദിപ്പിക്കുന്ന തൈകൾ വിവിധ പഞ്ചായത്തിലേക്ക് വിതരണം ചെയ്തുവരുന്നു. കൂടാതെ കൂവപ്പടി പഞ്ചായത്തിലെ നെടുമ്പാറയിലെ ജൈവകൃഷിയും പരിശോധിച്ചു.
കേന്ദ്രാവിഷ്കൃത പദ്ധതിയായ എം കെ എസ്പിയും തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച് ,തരിശായി കിടന്നിരുന്ന 82 ഏക്കർ സ്ഥലത്ത് നെൽകൃഷിയും ജൈവ പച്ചക്കറി കൃഷിയും ആരംഭിച്ചിരുന്നു. എം കെ എസ് പി പദ്ധതിയിലുൾപ്പെടുത്തി 35 വനിതകൾക്ക് തെങ്ങുകയറ്റത്തിൽ പരിശീലനം നൽകുകയും തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കുകയും ചെയ്തു. അശമന്നൂർ പഞ്ചായത്തിലെ തലപ്പുഞ്ചയിൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിച്ച് നിർമ്മിച്ച വനിത ഫെസിലിറ്റേഷൻ സെന്ററിൽ എം കെ എസ് പി പദ്ധതിയിലെ കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപണികൾ നടത്താനുള്ള വർക്ക്ഷോപ്പും ആരംഭിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, സെക്രട്ടറി എം മഞ്ചു , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് എം പി, അഡ്വ.ജോബി മാത്യു, സരള കൃഷ്ണൻകുട്ടി തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.