അഗതി രഹിത കേരളം പദ്ധതിയുടെ വിജയത്തിനായി ഗുണഭോക്താക്കൾക്ക് സേവനങ്ങൾ ഉറപ്പാക്കാൻ നിർദേശം. സേവനങ്ങൾ ലഭ്യമാക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ എ.ആർ അജയകുമാർ കർശന നിർദേശം നൽകിയത്. ഈ ആഴ്ച തന്നെ സേവനങ്ങൾ ലഭ്യമാക്കാനാണ് ആവശ്യപ്പെട്ടത്.
പദ്ധതി നടത്തിപ്പുകാരായ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാരുടെ അവലോകന യോഗത്തിലാണ് നിർദേശം. നിലവിൽ കൽപ്പറ്റ, നെൻമേനി, മൂപ്പൈനാട്, മേപ്പാടി, മീനങ്ങാടി, നൂൽപ്പുഴ, പുൽപ്പള്ളി, മുള്ളൻകൊല്ലി എന്നി എന്നി എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാത്രമാണ് ഗുണഭോക്താക്കൾക്ക് സേവനങ്ങൾ നൽകി തുടങ്ങിയത്. ജില്ലയിൽ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 26 ജനറൽ പ്രൊജക്ടുകൾക്കും 26 എസ്.ടി പ്രൊജക്ടുകൾക്കും സർക്കാരിന്റെ അംഗീകാരവും ആദ്യ ഗഡുവും ഫെബ്രുവരിയിൽ തന്നെ അനുവദിച്ചിട്ടുണ്ട്.
പദ്ധതി ഗുണഭോക്താക്കളായി ജനറൽ വിഭാഗത്തിൽ 6848 പേരും ആദിവാസി വിഭാഗത്തിൽ 7468 പേരുമടക്കം 14,316 പേരാണ് ജില്ലയിലുള്ളത്. ഇതിനോടകം ജനറൽ വിഭാഗത്തിൽ 68 പേരും ആദിവാസി വിഭാഗത്തിൽ 69 പേരുമടക്കം ആകെ 137 ഗുണഭോക്താക്കൾ മരണപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിൽ സേവനങ്ങൾ ലഭിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനും പദ്ധതിയുടെ പ്രവർത്തനം ത്വരിതപ്പെടുത്താനുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്. നിലവിൽ ഗുണഭോക്താക്കളിൽ എ.എ.വൈ റേഷൻ കാർഡിൽ ഉൾപ്പെടാത്തവരുടെ പട്ടിക സമർപ്പിക്കാനും പഞ്ചായത്തു തലത്തിൽ മെഡിക്കൽ ക്യാമ്പു സംഘടിപ്പിക്കാനും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളുടെ നിലവിലെ സാഹചര്യങ്ങളും യോഗം ചർച്ച ചെയ്തു. ആകെയുള്ള 13 ബഡ്‌സ് സ്‌കൂളുകൾക്കായി 12.50 ലക്ഷം രൂപ വീതം ആദ്യ ഗഡു അനുവദിച്ചിട്ടുണ്ട്. അനുമതി ലഭിച്ചിട്ടും സാങ്കേതിക പ്രശ്‌നങ്ങളാൽ പ്രവർത്തനത്തെ ബാധിക്കുന്ന ബഡ്‌സ് സ്‌കൂളുകൾക്ക് അനുകൂല സാഹചര്യം ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രമിക്കണം.
ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പർച്ചേഴ്‌സ് നടപടിക്രമങ്ങൾ പാലിച്ച് അവ ഉടൻ ലഭ്യമാക്കി പ്രവർത്തനം തുടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്. ഹരിത അയൽകൂട്ട ക്യാമ്പയിനും യോഗം അവലോകനം ചെയ്തു. യോഗത്തിൽ കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ പി. സാജിത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ, ഭരണസമിതി അംഗങ്ങൾ, സെക്രട്ടറിമാർ, കുടുംബശ്രീ ജില്ലാ മിഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
റിലേഷൻ ഷിപ്പ് കേരളയുമായി കുടുംബശ്രീ
സേവനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവരിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റിലേഷൻ ഷിപ്പ് കേരളയുമായി കുടുംബശ്രീ. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെന്റേഴ്‌സ് തുടങ്ങി സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെടുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.
ഈ വിഭാഗങ്ങൾക്ക് സാമൂഹ്യ, സാമ്പത്തിക, വൈകാരിക പിന്തുണകൾ ഉറപ്പാക്കും. പ്രത്യേകം അയൽക്കൂട്ടങ്ങൾ രൂപികരിച്ച് അവരെ കൂടി കുടുംബശ്രീയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും സാമ്പത്തിക പിന്തുണയും ഉപജീവന സാധ്യതകൾ കണ്ടെത്തുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും
സഹകരണത്തോടെയാണ് റിലേഷൻ ഷിപ്പ് കേരള യാഥാർത്ഥ്യമാക്കുക.