കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസും (മുംബെയ്), സംയുക്തമായി ഇന്ത്യയിൽ ദേശീയ കുടുംബാരോഗ്യ സർവേ-5, 2019-20 ആരംഭിച്ചു. സൊസൈറ്റി ഫോർ ദി പ്രൊമോഷൻ ഓഫ് യൂത്ത് ആൻഡ് മാസസ്സ് എന്ന സംഘടനയെയാണ് കേരളത്തിലും ലക്ഷദ്വീപിലും സർവെ നടത്താൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ ആരോഗ്യമേഖലയിൽ വരുത്തേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാവശ്യമായ ഡേറ്റാ ബേസ് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.
രണ്ട് ഘട്ടങ്ങളായാണ് സർവേ നടത്തുന്നത്. ഓരോ ജില്ലയിലേയും തിരഞ്ഞെടുക്കപ്പെട്ട വില്ലേജുകളുടെ (പി.എസ്.യു) ഭൂപടം തയ്യാറാക്കി വീടുകൾ അടയാളപ്പെടുത്തലാണ് ഒരുഘട്ടം. മാപ്പിംഗ് ആൻഡ് ലിസ്റ്റിംഗ് നടപടികൾ പൂർത്തിയായിട്ടുണ്ട്. ഒരു മാസത്തോളം വിദഗ്ധ പരിശീലനം ലഭിച്ച 160 പേർ വിവിധ ടീമുകളായി എല്ലാ ജില്ലകളിലേയും 630 പ്രൈമറി സ്റ്റാമ്പിംഗ് യൂണിറ്റ്കളിലെ മാപ്പിംഗ് ആൻഡ് ലിസ്റ്റിംഗ് നടത്തി വിവരം ശേഖരിച്ചു.
തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ സമ്മതപത്രത്തോടെയാണ് വിവരശേഖരണം നടത്തിയത്. നഗരസഭാ അധികൃതർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, സെൻസസ് വകുപ്പ്, ഒപ്പം സംസ്ഥാനത്തെ വിവിധ മന്ത്രാലയങ്ങളുടെ അറിവും സഹകരണവും തേടിക്കൊണ്ടാണ് എൻ.എഫ്.എച്ച്.എസ്-5 നടത്തുന്നത്. ജൂലൈ 18ന് രണ്ടാം ഘട്ടം ആരംഭിച്ചിട്ടുണ്ട്.
വിവരശേഖരണത്തിനായി തിരഞ്ഞെടുക്കുന്നത് 15നും 54നും ഇടയിലുള്ള പുരുഷൻമാരെയും 15നും 49നും ഇടയിലുള്ള സ്ത്രീകളേയും ആണ്.വിവരദാതാവിന്റെ കുടുംബ പശ്ചാത്തലം, പ്രജനന ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ, വൈവാഹിക ജീവിതാവസ്ഥ സംബന്ധിച്ച വിവരങ്ങൾ, ജനന നിയന്ത്രണ മാർഗങ്ങളുടെ ഉപയോഗം, പൊതു ആരോഗ്യ സംവിധാനവുമായുള്ള ഇടപെടൽ, മാതൃ ശിശു സംരക്ഷണ വിവരങ്ങൾ, കുട്ടികളുടെ ആരോഗ്യവും പ്രതിരോധ ചികിത്സയും സംബന്ധിച്ച വിവരങ്ങൾ, പ്രജനന ആരോഗ്യം സംബന്ധിച്ച കാഴ്ചപ്പാടുകൾ, മറ്റ് പൊതു ആരോഗ്യ പ്രശ്‌നങ്ങൾ, ലൈംഗിക ആരോഗ്യം, ഭാര്യ ഭർത്താക്കൻമാരുടെ പശ്ചാത്തലവും തൊഴിൽ മേഖലകളും, എച്ച്.ഐ.വി/എയ്ഡ്‌സ് ഉൾപ്പെടെ ലൈംഗിക രോഗങ്ങളെ കുറിച്ചുള്ള അവബോധം, കുടംബാംഗങ്ങൾ തമ്മിലുള്ള വ്യക്തിബന്ധങ്ങൾ എന്നീ വിവരങ്ങളാണെടുക്കുന്നത്. ഉയരം, ഭാരം, രക്തസമ്മർദം, വിളർച്ച, പ്രമേഹം, മലേറിയ തുടങ്ങിയ പരിശോധനകൾ നടത്തും. കുടുംബത്തിലെ അഞ്ച് വയസ്സിൽ താഴെ ഉള്ള കുട്ടികളുടെ ഉയരം, ഭാരം, വിളർച്ച പരിശോധനകളും നടത്തും.