സ്വിറ്റസർലന്റ് പാർലമെന്റ് അംഗം നിക്‌ളസ് സാമുവൽ ഗുഗർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കുടുംബസമേതം ക്ലിഫ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച.
മാലിന്യ പുനരുപയോഗവുമായി ബന്ധപ്പെട്ട് കേരളവുമായി യോജിച്ചു പ്രവർത്തിക്കുവാൻ മുൻകൈയെടുക്കുമെന്ന് നിക്‌ളസ് പറഞ്ഞു. ഏറെ വർഷങ്ങൾക്കു ശേഷം തന്റെ സ്വന്തം നാട്ടിലെത്തിയ പ്രതീതിയാണ് ഇവിടെ എത്തിയപ്പോൾ ഉണ്ടായതെന്ന് നിക്‌ളസ് പറഞ്ഞു.
25 വർഷം മുമ്പ് താനും ഭാര്യയും തിരുവനന്തപുരത്ത് വന്നപ്പോൾ വർക്കല വരെ ഓട്ടോറിക്ഷയിൽ പോയ കാര്യം അദ്ദേഹം അനുസ്മരിച്ചു. തലശ്ശേരി എൻ.ടി.ടി.എഫ് പ്രിൻസിപ്പലായിരുന്നു നിക്‌ളസിന്റെ പിതാവ്. തന്നെ ദത്തെടുത്ത ശേഷം നാലു വർഷം തലശ്ശേരി ഇല്ലിക്കലിൽ താമസിച്ചു. മലബാർ മത്സ്യക്കറിയും ബിരിയാണിയും താനും കുടുംബവും ഏറെ ഇഷ്ടപ്പെടുന്നതായും നിക്‌ളസ് പറഞ്ഞു.
ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവരും സന്നിഹിതരായിരുന്നു.