*കോടതി കേസുകളുടെ ഫയലുകൾ പ്രത്യേകം രേഖപ്പെടുത്തും

സെക്രട്ടേറിയറ്റിലേയും വിവിധ വകുപ്പുകളിലെയും ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഫയലുകളിലെ പരാമർശങ്ങളും വിശദാംശങ്ങളും അടങ്ങിയ ലിസ്റ്റ് ആഗസ്റ്റ് പത്തിനകം തയ്യാറാക്കും. ആഗസ്റ്റ് ഒന്നു മുതൽ ഒക്‌ടോബർ 31 വരെയാണ് തീവ്രയജ്ഞ പരിപാടി. സെക്രട്ടേറിയറ്റിലെ 37 വകുപ്പുകളിൽ 1,21,665 ഫയലുകളും 52 വകുപ്പ് മേധാവികളുടെ ഓഫീസിൽ 3,15,008 ഫയലുകളും തീർപ്പാക്കാനുണ്ട്. ചില വകുപ്പുകളുടെ കണക്കുകൾ കൂടി ലഭിക്കേണ്ടതുണ്ട്.

കോടതി കേസുകളെ സംബന്ധിച്ച ഫയലുകളുടെ കണക്ക് പ്രത്യേകമായി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഫയലുകളുടെ കാലപ്പഴക്കം, സ്വഭാവം എന്നിവ കണക്കിലെടുത്ത് തീർപ്പാക്കലിൽ മുൻഗണന നൽകും. മലയാളത്തിൽ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ കണക്കും തീർപ്പാക്കലും പ്രത്യേകം വിലയിരുത്തും.

തീവ്രയജ്ഞം ആരംഭിച്ചുകഴിഞ്ഞാൽ രണ്ടാഴ്ചയിലൊരിക്കൽ പുരോഗതി വിലയിരുത്തൽ വകുപ്പ് സെക്രട്ടറിമാരുടെയും വകുപ്പ്, ജില്ലാ മേധാവികളുടെയും നേതൃത്വത്തിൽ നടക്കും. സെപ്റ്റംബർ, ഒക്‌ടോബർ മാസത്തിൽ ചീഫ് സെക്രട്ടറി പുരോഗതി വിലയിരുത്തും. ഓരോ വകുപ്പിലും നോഡൽ ഓഫീസർമാരുമുണ്ടാവും.

പൊതുജനങ്ങളുടെ പരാതികളിൽ നടപടി സ്വീകരിക്കാനുള്ളവ ആഗസ്റ്റ് 31നകം പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ അവശേഷിക്കുന്നവ ബന്ധപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തും. ജൂലൈ 31 നകം ആരംഭിക്കുന്ന ഫയലുകളിൽ തീർപ്പ് കൽപിക്കാനുള്ളവയാണ് പെൻഡിംഗ് ഫയലുകളായി കണക്കാക്കുക. ജില്ല, റീജിയണൽ ഓഫീസുകളിൽ നിന്ന് തീർപ്പ് കൽപിക്കേണ്ട മുഴുവൻ വിഷയങ്ങളും ആഗസ്റ്റ് 31നകം ബന്ധപ്പെട്ട ഓഫീസുകളിൽ സമർപ്പിക്കണം.